സൂര്യനിലേക്ക് അടുത്ത് ആദിത്യ എൽ-1 , ജനുവരി ആറിന് പേടകം ലഗ്രാഞ്ച് പോയിന്റിൽ എത്തുമെന്ന് ഐഎസ്ആർഒ

രാജ്യത്തെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ഒരാഴ്ചക്കുള്ളിൽ ലാഗ്രാഞ്ച് പോയിന്റിലെത്തുമെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. ജനുവരി ആറിന് വൈകുന്നേരം നാല് മണിയോടെയാകും പേടകം ലഗ്രാഞ്ച് പോയിന്റിൽ ലക്ഷ്യസ്ഥാനത്തെത്തുക. പേടകത്തിന്റെ എഞ്ചിൻ ജ്വലിപ്പിച്ചാകും ഹലോ ഓർബിറ്റ് എന്ന് വിളിക്കപ്പെടുന്ന ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുക.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയുടെ വാർഷിക ശാസ്ത്ര സാങ്കേതിക പരിപാടിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഭൂമിയ്‌ക്കും സൂര്യനും ഇടയിലായി ഗുരുത്വാകർഷണ ബലം ഇല്ലാതാകുന്ന മേഖലയാണ് ലഗ്രാഞ്ച് പോയിന്റ് എന്ന് അറിയപ്പെടുന്നത്.

ചന്ദ്രൻ, ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നതിനാൽ പൂർണമായും നിർവീര്യമാക്കി പേടകത്തെ ജ്വലിപ്പിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആറ് പേലോഡുകളും പ്രവർത്തനക്ഷമമാണ്. നിർണായക വിവരങ്ങളാണ് ഇവയിൽ ഓരോന്നിൽ നിന്നും ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം സെപ്റ്റംബറിലാണ് ദൗത്യം വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നും ഏകദേശം 15 ദശലക്ഷം കിലോമീറ്റർ അകലെയാണ് ലക്ഷ്യസ്ഥാനം.