അടിപൊളി വന്ദേ ഭാരത്, മലയാളികളുടെ കൈയ്യടി നേടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: വന്ദേ ഭാരതിന് ആശംസ അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും മണ്ണിൽ വന്ദേ ഭാരത് എത്തുന്നത് ആകർഷണീയമാണ്. ആയൂർവേദത്തിന്റെ മനോഹര ഇടത്താണ് വന്ദേ ഭാരത് അവതരിപ്പിച്ചിരിക്കുന്നത്’.ഇന്ന് കേരളത്തിലെ യുവജനങ്ങൾ ‘അടിപൊളി’ എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. അടിപൊളി വന്ദേഭാരതിൽ അടിപൊളി എക്‌സ്പീരിയൻസ് നൽകുമെന്നും അദ്ദേഹം മലയാളത്തിൽ പറഞ്ഞു.

110 കിലോമീറ്റർ വേഗത്തിൽ 24 മാസത്തിനുള്ളിൽ വന്ദേ ഭാരത് സർവീസ് നടക്കും. 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വർധിപ്പിക്കും. അടുത്ത 48 മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസർകോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകുമെന്നും മന്ത്രി പറഞ്ഞു. മണിക്കൂറിൽ 180 കിലോമീറ്റർ സ്പീഡൽ സഞ്ചരിക്കാൻ കഴിയും വിധമാണ് വന്ദേ ഭാരത് നിർമ്മിച്ചിരിക്കുന്നത്. 35 വർഷത്തെ ആയുസാണ് ട്രെയിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഒട്ടുംമിക്ക ട്രാക്കുകളും വളവുകളുണ്ട്. അതുകൊണ്ട് തന്നെ 80 മുതൽ 90 വരെ മാത്രമാണ് ശരാശരി വേഗം. ഇത് മികച്ച സിഗ്‌നൽ സംവിധാനത്തിലൂടെയും ട്രാക്കിലെ പരിഷ്‌കാരത്തിലൂടെയുംമാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം- മംഗലപുരം 5.30 മണിക്കൂറിൽ എത്തിക്കും. ഇതിനായി 2,033 കോടി രൂപ കേരളത്തിന്നൽകും. റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ലോകത്തെ ഏത് രാജ്യവുമായി താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് റെയിൽവേയെ മാറ്റും. സാംസ്‌കാരിക പൈതൃകം കാത്ത് സൂക്ഷിച്ച് ലോകോത്തര നിലവാരമുള്ള റെയിൽവേ സ്റ്റേഷൻനിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.