ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു, ഇന്‍സെര്‍ഷന്‍ ദൗത്യം വിജയം

ചെന്നൈ. ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍ 1 ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചൊവ്വാഴ്ച പുരലര്‍ച്ചെ രണ്ടരയോടെയാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയായത്.

ഇനി പേടകം 110 ദിവസം നീളുന്ന യാത്രയ്‌ക്കൊടുവില്‍ ലെഗ്രാഞ്ചേ ബിന്ദവില്‍ എത്തിച്ചേരും. ക്രൂസ് ഫേസ് എന്നറിയപ്പെടുന്നതാണ് 110 ദിവസം നീളുന്ന യാത്ര. അതേസമയം പേടകത്തിന് ഭൂമിക്ക് ചുറ്റുമുള്ള കണികകളുടെ സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഭൂമിയില്‍ നിന്നും 50000 കിലോമീറ്റര്‍ അകലെയുള്ള സൂപ്പര്‍ തെര്‍മല്‍ എനര്‍ജറ്റിക് അയോണുകളും ഇലക്ട്രോണുകളും പരിശോധിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. പേടകത്തിലെ സ്റ്റെപ്‌സ് എന്ന സെന്‍സറാണ് പഠനം നടത്തിയത്. സൗരവാതകത്തിന്റെയും ബഹിരാകാശ കാലാവസ്ഥ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ള വിഷയങ്ങളില്‍ പഠനം നടത്താന്‍ ഈ വിവരങ്ങള്‍ സഹായിക്കും.