കോളേജ് പ്രിൻസിപ്പൽ നിയമനം, സർക്കാരിന് തിരിച്ചടി, 43 അംഗ അന്തിമപ്പട്ടികയിൽ നിന്ന് നിയമനം നടത്താൻ ഉത്തരവിട്ട് ട്രൈബ്യൂണൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ഗവ. കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. 43 അംഗ അന്തിമ പട്ടികയില്‍ നിന്ന് തന്നെ നിയമനം നടത്തണമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. നിയമനം രണ്ടാഴ്ചയ്ക്കകം വേണം. ഇതുവരെ യോഗ്യത നേടിയവരെ ഉൾപ്പെടുത്തി പുതിയ നിയമനം നടത്താൻ ട്രൈബ്യൂണൽ നി‌ർദ്ദേശിച്ചു.

നേരത്തെ സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കുകയും പിന്നീട് വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത 43 അംഗ പട്ടിക കരട് പട്ടികയാക്കി മാറ്റാനായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച പരാതി പരിഹരിക്കാന്‍ ഒരു അപ്പീല്‍ സമിതിയും രൂപീകരിച്ചിരുന്നു. തുടര്‍ന്നാണ് 43 അംഗ പട്ടിക 76 അംഗ പട്ടികയായി മാറിയത്. ഇതാണ് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിരാകരിച്ചത്. നേരത്തെ തയ്യാറാക്കിയ 43 അംഗ പട്ടികയില്‍ നിന്ന് തന്നെ നിയമനം നടത്തണമെന്നാണ് പുതിയ നിര്‍ദേശം.

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽമാരായി 43 പേരുടെ പി.എസ്.സി അംഗീകരിച്ച പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാണ് ട്രൈബ്യൂണൽ നിർദ്ദേശം. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയിൽ കൂടുതൽ വിശദാംശങ്ങൾ മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. വിധി എന്തായാലും സർക്കാർ നടപ്പിലാക്കാം. അതാണ് സർക്കാരിന്റെ നയമെന്നും അവർ വ്യക്തമാക്കി.