കാരണം കാണിക്കൽ നോട്ടീസ് , സിസാ തോമസിനെ ബലിയാടാക്കരുത് : അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വി.സി പ്രൊഫ. സിസാ തോമസിനെ ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ ബലിയാടാക്കരുതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ. വി.സി ചുമതലയേറ്റതിൽ സർക്കാരിന്റെ അനുമതി തേടാതിരുന്നതിനെ തുടർന്നാണ് സിസാ തോമസിന് കാരണം കാണിക്കൽ നോട്ടീസ് സർക്കാർ അയച്ചത്.

ഇതിനെതിരെ സിസാ തോമസ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ സിസാ തോമസിനെ ബലിയാടാക്കരുതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ പറഞ്ഞത്.

സർക്കാർ നിയമം നടപ്പാക്കുമ്പോൾ നേരായ രീതിയും തുറന്ന മനസുമാവണം ഉണ്ടാകേണ്ടതെന്ന് ജസ്റ്റിസ് പി. വി. ആശയും ഡോ. പ്രദീപ് കുമാറും അടങ്ങിയ ഡിവിഷൻ ബഞ്ച് പറഞ്ഞു.32 വർഷം കളങ്കരഹിതമായി സേവനം ചെയ്ത ഉദ്യോഗസ്ഥയെ സമാധനപൂർണ്ണമായ വിരമിക്കലിന് സർക്കാർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരവിലുണ്ട്.

വിസിയായി ചുമതലയേറ്റെടുത്തപ്പോൾ മുതൽ സർക്കാർ പ്രതികാര നടപടി ആരംഭിച്ചെന്ന സിസാ തോമസിന്റെ വാദം ശെരിവെച്ചു. അയോഗ്യയാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിസയെ സ്ഥലം മാറ്റിയതും ട്രൈബ്യൂണൽ ഇടപെട്ട ശേഷം തിരുവനന്തപുരത്ത് തന്നെ നിയമനം നൽകിയതും ഉടനടി ഷോകോസ് നൽകിയതുമെല്ലാം അവരുടെ വാദം ശരിവയ്ക്കുന്നതാണ്.

വി.സിയുടെ അധിക ചുമതല കുറ്റകരമാണോയെന്ന് പരിശോധിക്കേണ്ടത് സർക്കാരാണ്. അധിക വേതനം കൈപ്പറ്റാതെയുളള അധിക ചുമതല ചട്ടവിരുദ്ധമാകുമോ എന്നതടക്കമുള്ള കാര്യങ്ങൾ പ്രത്യേകമായി പരിഗണിക്കണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. സിസ തോമസിന് പറയാനുള്ളത് കേൾക്കാൻ സർക്കാർ തയ്യാറാവണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.