അഭിഭാഷക അസോ. പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ് അഡ്വ.സൈബി ജോസ്

കൊച്ചി : അഡ്വ.സൈബി ജോസ് അഭിഭാഷക അസോ. പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞു. കൈക്കൂലി വിവാദത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആദ്ദേഹത്തിന്റെ രാജി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറിക്ക് സൈബി രാജിക്കത്തുനല്‍കി. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് സൈബി ആരോപിച്ചു.

ജഡ്ജിക്ക് കൈക്കൂലി നൽകാൻ എന്ന പേരിൽ അഭിഭാഷകൻ പണം കൈപ്പറ്റിയെന്ന കേസിൽ സിനിമ നിർമാതാവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. തിങ്കളാഴ്ചയാണ് നിർമാതാവിനെയും ഭാര്യയെയും അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്തു. കേസിൽ ജാമ്യം ലഭിക്കാനായി ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന അഡ്വ. സൈബി ജോസ് നിർമാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്.

കേസിലെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നിർമാതാവിൽ നിന്നും നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മൊഴിയെടുത്തിരുന്നു. കേസിൽ ഹൈക്കോടതി വിജിലൻസിന് മൊഴി നൽകിയ അഭിഭാഷകരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ എഫ് ഐ ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ആവശ്യം തള്ളുകയായിരുന്നു