അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം തുടരുന്നു; അഫ്ഗാൻ മീഡിയ തലവനെ വധിച്ചു

അഫ്ഗാനിസ്ഥാൻ സർക്കാറിന്റെ മാധ്യമവിഭാഗം ഉന്നത ഉദ്യോഗസ്ഥൻ ദവാ ഖാൻ മണിപാലിനെ താലിബാൻ വധിച്ചു. അഫ്ഗാൻ ഗവൺമെന്റ് മീഡിയ, ഇൻഫർമേഷൻ സെന്റർ മേധാവിയായിരുന്നു അദ്ദേഹം. വെസ്റ്റ് കാബൂളിലെ ദാറുൽ അമാൻ റോഡിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ആക്രമണത്തിന് തൊട്ടു മുൻപ് പ്രതിരോധ മന്ത്രിയെ വധിക്കാൻ താലിബാൻ ശ്രമിച്ചിരുന്നു.

ദവാ ഖാൻ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയവും സ്ഥിരീകരിച്ചു. എന്നാൽ, കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. മാധ്യമവിഭാഗത്തിന്റെ തലവനാകും മുമ്പ് ഡെപ്യൂട്ടി പ്രസിഡൻഷ്യൽ വക്താവായിരുന്നു ദവാ ഖാൻ. അതേസമയം അഫ്ഗാന്‍ നേതാക്കള്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്നു താലിബാൻ മുന്നറിയിപ്പ് നൽകി.