തീപിടുത്തത്തിന് പിന്നാലെ 4000കോടിയുടെ ആസ്ഥിയുള്ള കെ.ജി എബ്രഹാം ഒളിവിൽ? ദുരൂഹത

കുവെെത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം അഗ്നിക്കിരയായി 50 പേരോളം മരണപ്പെട്ട സംഭവത്തിൽ പ്രതികരിക്കാതെ തൊഴിലാളികൾ പണിയെടുത്ത കമ്പനിയായ NBTC ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം.

ആറായിരത്തിലേറെ ജീവനക്കാരും നാലായിരം കോടി രൂപയിലധികം ആസ്തിയുമുള്ള എൻ.ബി.ടി.സി ഗ്രൂപ്പിന്റെയും കേരളം കേന്ദ്രമായ കെ.ജി.എ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടറാണ് കെ.ജി. എബ്രഹാം. ഇത്രയധികം ദാരുണമായ ഒരു സംഭവം നടന്നിട്ടും സ്വന്തം കമ്പനിയിലെ ജീവനക്കാർ മരണപ്പെട്ടിട്ടും എന്ത് കൊണ്ട് പ്രതികരിക്കാൻ തയ്യാറാകുന്നില്ല, എന്തിനാണ് ഒളിഞ്ഞിരിക്കുന്നത് ഇതിനു പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

തിരുവല്ല സ്വദേശിയായ എബ്രഹാം ഇപ്പോൾ കുവൈറ്റിൽ ആണോ അതോ കേരളത്തിൽ ആണോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. തിരുവല്ല സ്വദേശിയായ എബ്രഹാം ഗൾഫ് രാജ്യത്തുണ്ടാകുമെന്നാണ് നിഗമനം. ദുരന്തം സംബന്ധിച്ച് എൻ.ബി.ടിസി ഗ്രൂപ്പ് വിശദീകരണം പുറത്തിറക്കിയെങ്കിലും മാനേജിംഗ് ഡയറക്ടറെ സംബന്ധിച്ച പരാമർശങ്ങളില്ല. ദുരന്തസ്ഥലത്ത് അദ്ദേഹം എത്തിയതായും അറിവായിട്ടില്ല.

മാത്രമല്ല ഇതുവരെ അന്വേഷണവുമായി ബന്ധപ്പെട്ട് എവിടെയും ഹാജരാകാൻ കെ.ജി. എബ്രഹാമിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വിവരങ്ങൾ.
ഇപ്പോൾ പുറത്തു വരുന്ന മറ്റു ചില വിവരങ്ങൾ ഇങ്ങനെയാണ് , കുവൈത്തിലെ നിയമാനുസരണം കമ്പനിയുടെ ചെയർമാൻ ഒരു അറബ് വംശജനാണ്‌ എന്നാണ് കെ.ജി.എബ്രഹാമിന്റെ മകനും എന്‍.ബി.ടി.സി ഡെപ്യൂട്ടി ഡയറക്ടറുമായ ഷിബി എബ്രഹാംവും കെ.ജി.എ ​ഗ്രൂപ്പ് ഡയറക്ടര്‍ ഈപ്പനും പറയുന്നത്.

അതേസമയം, കുവൈറ്റിലുണ്ടായ തീപിടുത്തത്തില്‍ 24 മലയാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ 50 പേരും മരിച്ചു. കുവൈറ്റിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ എന്‍ബിടിസിയിലെ തൊഴിലാളികളാണ് എല്ലാവരും. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ജീവനക്കാരെ കൂട്ടത്തോടെ ലേബര്‍ ക്യാമ്പില്‍ താമസിപ്പിച്ചത് അപകട വ്യാപ്തി ഇരട്ടിയാക്കി.

കുടുംബത്തിന് അന്നംതേടി പ്രവാസികളായ മലയാളികളാണ് ജീവനറ്റ് തിരിച്ചുവന്നത്. കമ്പനിയുടെ തികഞ്ഞ അനാസ്ഥ കുടുംബങ്ങളെ അനാഥമാക്കി. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതില്‍ സഹസ്രകോടികളുടെ ആസ്തിയുള്ള കമ്പനി തീര്‍ത്തും പരാജയമായി. കുവൈറ്റ് സര്‍ക്കാര്‍ ഇതിനകം തന്നെ അന്വേഷണം പ്രഖ്യാപിച്ച്‌ മുനിസിപ്പാലിറ്റി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തുകഴിഞ്ഞു. എന്നാല്‍, ഇതുകൊണ്ട് കുടുംബങ്ങളുടെ നഷ്ടം നികത്താനാകില്ല.