മന്ത്രിമാര്‍ക്കു പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ചര്‍ച്ച നടത്തി ചീഫ് സെക്രട്ടറി വി വേണു. മന്ത്രിമാര്‍ സന്ദര്‍ശിച്ച് ഓണാഘോഷത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി നേരിട്ടെത്തി ഗവര്‍ണറെ കണ്ടത്. ഗവര്‍ണറുമായിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുവനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കാത്തതില്‍ കോടതിയെ സമീപിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഇപ്പോള്‍ ഉണ്ടാകില്ല.

ഗവര്‍ണര്‍ ആറ് ബില്ലുകളാണ് ഒപ്പുവയ്ക്കാത്തത്. ലോകായുക്ത ഭേദഗതിയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കി കൊണ്ടുള്ള ബില്ലുഉള്‍പ്പെടെയാണിത്. അതേസമയം പരാതികളെ തുടര്‍ന്ന് പിഎസ്സി അംഗങ്ങളായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ട് പേരുടെ നിയമനവും ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല. അതേസമയം നിലവില്‍ ലോകായുക്ത ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിലും സര്‍ക്കാരിന് അത് തല്‍ക്കാലും ബാധിക്കില്ല.

ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കി കൊണ്ട് ബില്ല് സര്‍ക്കാര്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ അത് ഒപ്പുവെച്ചിട്ടില്ല. എന്നാല്‍ കേരള സര്‍വകലാശാല ഒഴികെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് താല്പര്യമുള്ളവരെ താല്‍ക്കാലിക വിസിമാരായി നിയമിച്ചു. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ നിയമനം സംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ക്ക് നല്‍കിയിട്ടില്ല.