സംവിധായകൻ ശങ്കറിൻറെ മകൾ വിവാഹിതയാകുന്നു, വരൻ അസിസ്റ്റന്റ് ഡയറ്കടർ

മേക്കിംഗ് കൊണ്ടും കളക്ഷൻ കൊണ്ടും പുതു ചരിത്രം കുറിച്ച് മുന്നേറുന്ന സംവിധായകനാണ് ശങ്കർ. അന്യനും എന്തിരനുമൊക്കെ ഇന്നും അത്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാൻ സാധിക്കില്ല. ഇപ്പോഴിതാ ശങ്കറിന്റെ വീട്ടിലൊരു സന്തോഷം എത്തിയിരിക്കുകയാണ്. ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തരുൺ കാർത്തിക്കാണ് വരൻ. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുൺ. ശങ്കറിന്റെ ഇളയമകളും നടിയുമായ അതിഥിയാണ് വിവാഹനിശ്ചയ വാർത്ത പങ്കുവച്ചത്.

ഐശ്വര്യയും തരുണും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി അതിഥി പങ്കുവച്ചിട്ടുണ്ട്. കൂടാതെ ചേച്ചിക്കൊപ്പവും കസിൻസിനൊപ്പമുള്ള ചിത്രങ്ങളും അതിഥി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിപേർ ഐശ്വര്യയ്ക്കും തരുണിനും ആശംസകൾ നേർന്ന് എത്തി. മൂന്നു മക്കളാണ് ശങ്കറിന്. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. ഇവർക്കൊരു സഹോദരൻ കൂടിയുണ്ട്, പേര് അർജിത്ത്. ഇതിൽ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്.

അതേസമയം ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണിൽ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അത്യാഡംബരപൂർവം മഹാബലിപുരത്തു വച്ചായിരുന്നു വിവാഹം നടന്നത്. എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി.