പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ല, മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി

സി പി എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ ഫേസ്ബുക്കില്‍ ഭീഷണിമുഴക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കില്‍ എഴുതിയത്. റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റിന് താഴെയിട്ട കമന്റിലാണ് ഈ പ്രതികരണം.

ഇന്നലെ പി ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മനു തോമസ് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്. ക്വട്ടഷൻ സംഘങ്ങളും പാർട്ടി നേതാക്കളും തമ്മിലുള്ള ബന്ധമെന്ന ആരോപണം വീണ്ടും ചർച്ചയായതിനു പിന്നാലെ ഫേസ്ബുക്കിൽ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാൽ പാർട്ടി കൂട്ടുനിൽക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്‌. ജില്ലാ കമ്മിറ്റി അംഗം ആയതിനു പിന്നാലെ വ്യാപാര സംരഭങ്ങളിൽ നിന്ന് ഒഴിവാകണമെന്ന നിർദേശം മനു പാലിച്ചില്ലെന്നും ഒരു വിപ്ലവകാരിയുടെ പതനം മാധ്യമങ്ങൾ ആഘോഷമാക്കുന്നത് സിപിഎം വിട്ടതുകൊണ്ടെന്നും ജയരാജൻ വിമർശിച്ചു.

പിന്നാലെ ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി മനു തോമസും ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. പാർട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്നും ഇപ്പോൾ താങ്കളുടെ അവസ്ഥ പരമ ദയനീയമാണെന്നും പറഞ്ഞ‌ മനു തോമസ്, ക്വാറി മുതലാളിമാർക്ക് വേണ്ടി ഏരിയ സെക്രട്ടറിമാരെ സൃഷ്ടിക്കുന്ന പാടവവും പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ നോക്കിയതും മകനെയും ക്വട്ടേഷൻകാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും സംവാദത്തിന് ക്ഷണിക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.