സെല്‍ഫിയുമായി അക്ഷയ്കുമാർ, സെല്‍ഫിയെടുത്ത് ഗിന്നസ് ​റെക്കോർഡിൽ ഇടം നേടി ബോളിവുഡ് താരം

മുംബൈ . ആരാധകർക്കൊപ്പം സെല്‍ഫിയെടുത്ത് ഗിന്നസ് ​റെക്കോർഡിൽ ഇടം നേടി ബോളിവുഡ് താരം അക്ഷയ് കുമാർ. മൂന്ന് മിനിറ്റിൽ 184 സെൽഫിയെടുത്താണ് ബോളിവുഡ് താരം അക്ഷയ് കുമാർ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ‘സെൽഫി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു അതിവേഗ സെൽഫിയെടുത്ത് ഗിന്നസ് ​റെക്കോർഡിട്ടത്. ഗിന്നസ് സെൽഫിഎടുക്കുന്ന ചിത്രങ്ങൾ അക്ഷയ് തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്റ്റേജിൽ ഫോണുമായി നിൽക്കുന്ന താരത്തിന്റെയടുക്കൽ ഓരോരുത്തരായി എത്തുകയും സെൽഫിയെടുക്കുകയും ചെയ്യുകയായിരുന്നു.

2015ൽ ലണ്ടനിൽ വച്ച് മൂന്ന് മിനിറ്റിൽ 105 സെൽഫിയെടുത്ത ഡ്വെയ്ൻ ജോൺസൺ കുറിച്ച റെക്കോർഡാണ് അക്ഷയ് കുമാർ മറികടന്നിരിക്കുന്നത്. ‘എന്റെ ഇതുവരെയുള്ള നേട്ടങ്ങളും ജീവിതത്തിൽ ഇവിടെയെത്തിയതുമെല്ലാം എന്‍റെ ആരാധകരുടെ സ്നേഹം കൊണ്ടാണ്. എന്‍റെ കരിയറിലുടനീളം കൂടെ നിന്നവര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു. ആരാധകരുടെ സഹായത്തോടെ മൂന്നു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫിയെടുത്തതിനുള്ള ഗിന്നസ് റെക്കോർഡ് ഞങ്ങൾ സ്വന്തമാക്കി. എല്ലാവർക്കും നന്ദി. ഇത് വളരെ സവിശേഷമാണ്. എക്കാലത്തും ഇത് ഞാൻ ഓര്‍മിക്കും. ഇപ്പോള്‍ എല്ലാം സെല്‍ഫിയെ കുറിച്ചാണ്. വെള്ളിയാഴ്ച തിയറ്ററില്‍ കാണാം’- അക്ഷയ് കുമാര്‍ കുറിച്ചിരിക്കുന്നു.

2019ൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ ഹിന്ദി റിമേക്കാണ് ‘സെല്‍ഫി’. അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുകയാണ്.