ഈ സൗഹൃദങ്ങള്‍ അലിഫിന് കാലും കരുത്തും, കൂട്ടുകാരുടെ തോളിലേറി വൈറലായ വിദ്യാര്‍ത്ഥി പറയുന്നത്

കൊല്ലം: യഥാര്‍ത്ഥ ചങ്ങാതിമാര്‍ക്കൊപ്പം ഒരുമിച്ചു വെള്ളം കുടിക്കുന്നത് പോലും മധുരമാണ്..’, ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത തന്നെ സുഹൃത്തുക്കള്‍ തോളിലേറ്റി ക്യാംപസിലൂടെ കൊണ്ടുപോകുന്ന വീഡിയോ പങ്കുവെച്ച് അലിഫ് മുഹമ്മദ് കുറിച്ച വാക്കുകളാണിത്. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്നാണ് പഴംചൊല്ല് ഇവിടെ അന്വര്‍ദ്ധമാവുകയാണ്. ചങ്ങാതിമാര്‍ നല്ലവരായാല്‍ കാല് പോലും വേണ്ടെന്നാണ് അലിഫ് പറയും. വളരെ പെട്ടെന്നാണ് എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചുള്ള ഈ വീഡിയോ വൈറല്‍ ആയി മാറിയത്.

രണ്ട് കാലുകള്‍ക്കും സ്വാധീനം ഇല്ലാതെയാണ് കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ അലിഫ് മുഹമ്മദ് ജനിച്ചത്. കോളജില്‍ എത്തുമ്പോള്‍ അലിഫിന്റെ കാലുകള്‍ തന്റെ ചങ്ങാതിമാരാണ്. ഇരു കാലുകള്‍ക്കും സ്വാധീനമില്ലെന്ന ഓര്‍മ പോലും ഇവിടെ അലിഫിന്റെ മനസിലേക്ക് കടന്നുവരാന്‍ സുഹൃത്തുക്കള്‍ സമ്മതിക്കാറില്ല. ഏത് ആവശ്യങ്ങള്‍ക്കും സിനിമയ്ക്കും ഹോട്ടലുകളിലും ഉത്സവങ്ങള്‍ക്കും, അവന്‍ ആവശ്യപ്പെടുന്ന എല്ലായിടത്തും അവനെ കൊണ്ടു പോകുന്നത് അവന്റെ സുഹൃത്തുക്കളാണ്.

വീടിനുള്ളില്‍ വീല്‍ചെയര്‍ ഉപയോഗിക്കുമെങ്കിലും പുറത്തേക്കുള്ള യാത്രകളില്‍ വീല്‍ചെയര്‍ കൊണ്ടുപോവാറില്ല. അടുത്തിടെ ഡല്‍ഹിയിലും ആഗ്രയിലുമെല്ലാം സുഹൃത്തുക്കള്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും അലിഫ് യാത്രചെയ്തു. ഇന്‍സ്റ്റഗ്രാം റീല്‍സിലും അലിഫ് വളരെ സജീവമാണ്. സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെയ്ത നിരവധി റീല്‍സ് വീഡിയോകള്‍ അലിഫ് പങ്കുവെച്ചിട്ടുണ്ട്.

ശാരീരിക പരിമിതികള്‍ സന്തോഷങ്ങളുടെ പിന്നാലെ പോകുന്നതിന് ഒരിക്കലും തടസമാവുന്നില്ലെന്നാണ് അലിഫ് പറയുന്നത്. സ്വയം പ്രചോദിപ്പിക്കണം. നമ്മള്‍ തയ്യാറായാല്‍ കൂടെ നില്‍ക്കാനും ആളുകളുണ്ടാവും. കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നാല്‍ നഷ്ടമാവുന്നത് പുറത്തുള്ള വലിയ ലോകത്തെ കാഴ്ചകളും അനുഭവങ്ങളുമാണ്. പരിമിതികളെ അതിജീവിച്ച് പുറത്തിറങ്ങാന്‍ തന്നെപ്പോലെയുള്ളവര്‍ ശ്രമിക്കണമെന്നും അലിഫ് പറഞ്ഞു.

കരുനാഗപ്പള്ളി മാരാരിതോട്ടം ബീമാ മന്‍സിലില്‍ ഷാനവാസിന്റെയും സീനത്തിന്റെയും മകനാണ് അലിഫ് മുഹമ്മദ്. അലിഫിന് ജന്മന ഇരുകാലുകള്‍ക്കും സ്വാധീനമില്ല. കാലിന് സ്വാധീനമില്ലാത്ത തങ്ങളുടെ കൂട്ടുകാരനെ യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ എടുത്തുകൊണ്ട് നടക്കുന്ന സുഹൃത്തുക്കളായ ആര്യയുടെയും അര്‍ച്ചനയുടെയും ചിത്രവും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്.

കോളജ് ആര്‍ട്‌സ് ഡേയുടെ അന്നാണ് അര്‍ച്ചനയും ആര്യയും കൂടി അലീഫിനെ എടുത്തുകൊണ്ട് കോളേജിലേക്ക് വരുന്ന ചിത്രം പകര്‍ത്തിയത് ഫോട്ടോഗ്രാഫറായ ജഗത്ത് തുളസീധരനാണ്. വളരെ പെട്ടെന്ന് ഈ ദൃശ്യങ്ങള്‍ സൈബര്‍ ലോകത്ത് പ്രചരിച്ചു. ഇത്തരത്തില്‍ എടുത്തുകൊണ്ട് നടക്കുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ധാരാളം ആളുകളാണ് കണ്ടത്.