കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും; കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പുനല്‍കി കേന്ദ്രം

കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ കേസുകളാണ് പിന്‍വലിക്കുക.

നേരത്തെ തന്നെ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്ത ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു കര്‍ഷകര്‍.

അതേസമയം കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരുമായുള്ള യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വിവാദമായ നിയമങ്ങള്‍ പിന്‍വലിച്ചതിനൊപ്പം കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങളില്‍ ഏതെല്ലാം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുമെന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. മിനിമം താങ്ങുവില, വിളനാശം ഉള്‍പ്പെടെയുള്ളവയില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചും കേന്ദ്രം തീരുമാനം കര്‍ഷക സംഘടനകളെ അറിയിക്കും.

ഇന്നലെ പാര്‍ലമെന്റിലെ സീറോ അവറില്‍ നഷ്ടപരിഹാരം സംബന്ധിച്ച വിഷയം ഉന്നയിച്ച രാഹുല്‍ ഗാന്ധി, പ്രക്ഷോഭങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ സൂക്ഷിക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കര്‍ഷക സംഘടനകളോട് മറുപടി പറഞ്ഞേക്കും.