ഭാര്യയുമായുള്ള സൗഹൃദം പകയുണ്ടാക്കി; യുവാവിനെ കൊന്നു കുഴിച്ചുമൂടിയ കേസിൽ മുഴുവൻ പ്രതികളും പിടിയിൽ

ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരിയില്‍യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയ കേസില്‍ വിജയപുരം ചെമ്മരപ്പള്ളി സ്വദേശികളായ വിപിന്‍ ബൈജു(24) ബിനോയി മാത്യു (27), വരുണ്‍ പി.സണ്ണി (29)എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കൊല്ലപ്പെട്ട ബിന്ദുമോനും ഒന്നാം പ്രതി മുത്തുകുമാറിന്റെ ഭാര്യയും തമ്മില്‍ അതിരുവിട്ട സൗഹൃദമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്കെത്തിച്ചത്. സംഭവദിവസം ബിന്ദുമോനെ വിളിച്ചുവരുത്തിയ പ്രതികള്‍ ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ബിന്ദുമോനുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പോസ്‌റ്റുമോര്‍ട്ടം പരിശോധനയില്‍ ബിന്ദുമോന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുളളതായും കഴുത്ത് ഞെരിച്ച് പ്രതികള്‍ മരണം ഉറപ്പാക്കിയതായും തെളിഞ്ഞിട്ടുണ്ട്.

ചങ്ങനാശ്ശേരി എ.സി റോഡില്‍ പൂവം കടത്ത് ഭാഗത്ത് മുത്തുകുമാര്‍ എന്നയാള്‍ വാടകയ്‌ക്കെടുത്തു താമസിച്ചു വരുന്ന വീടിനുളളില്‍ വെച്ചാണ് ബിന്ദുമോന്‍ കൊലചെയ്യപ്പെട്ടത്. ബിന്ദുമോനെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയ ഭാഗം പൊളിച്ച് പോലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തിയത്.

അന്വേഷണസംഘത്തെ ചെറു സംഘങ്ങളാക്കി തിരിച്ച് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.കേസിലെ ഒന്നാം പ്രതിയായ മുത്തുകുമാറിനെ നേരത്തെ ആലപ്പുഴയില്‍ നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുത്തുകുമാര്‍ ഒറ്റക്കല്ല കൃത്യം നടത്തിയതെന്ന് മനസിലാക്കുകയും കൂട്ടുപ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. വിപിനേയും ബിനോയിയേയും കോയമ്പത്തൂരില്‍ നിന്നും പ്രതികളെ സഹായിച്ച വരുണ്‍.പി.സണ്ണിയെ കോട്ടയത്ത് നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി ഡി.വൈ.എസ്സ്.പി. സി.ജി സനില്‍കുമാര്‍,

ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്.എച്ച്.ഓ റിച്ചാര്‍ഡ് വര്‍ഗ്ഗീസ്, കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ.യു. ശ്രീജിത്ത്, എസ്.ഐ. മാരായ ജയകൃഷ്ണന്‍, ആനന്ദകുട്ടന്‍, എ. എസ്.ഐ. മാരായ പ്രസാദ് ആര്‍.നായര്‍, ഷിനോജ്, സിജു.കെ.സൈമണ്‍, ജീമോന്‍ മാത്യു, രഞ്ജീവ് ദാസ്, സി.പി.ഓ മാരായ ആന്റണി.പി.ഇ, അജേഷ് കുമാര്‍, മുഹമ്മദ് ഷാം, അതുല്‍.കെ.മുരളി, ഉണ്ണികൃഷ്ണന്‍, സതീഷ്, സലമോന്‍, മണികണ്ഠന്‍, സന്തോഷ്, അനീഷ് കെ ജോണ്‍, സെല്‍വരാജ്, ലൂയിസ് പോള്‍, പ്രതീഷ് രാജ്, ശ്യാം, വിപിന്‍, അജിത്ത്, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലു ണ്ടായിരുന്നത്.