ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അപ്പൂപ്പന്‍, പക്ഷേ ജീവിതത്തില്‍ അപ്പൂപ്പനല്ല

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് അമല്‍ രാജാണ്. ഫഹദ് ഫാസില്‍ നായകനായ മാലികിലെ ഹമീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. ചക്കപ്പഴത്തില്‍ മുത്തച്ഛന്‍ ആണെങ്കിലും ജീവിതത്തില്‍ അത്ര പ്രായമൊന്നും തനിക്കില്ലെന്ന് അമല്‍ രാജ് പറയുന്നു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ആണ് അദ്ദേഹം മനസ് തുറന്നത്. സീരിയലിലെ കഥാപാത്രത്തിന് 60 ന് മുകളില്‍ പ്രായമുണ്ട്. എന്നാല്‍ ജീവിതത്തില്‍ 13 ഉം അഞ്ചും വയസുള്ള രണ്ട് ആണ്‍മക്കളുടെ അച്ഛനാണ് അമല്‍ രാജ്.

നീലക്കുയില്‍ എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ അതില്‍ ആളിത്തിരി ടഫ് ആയിരുന്നു. ചക്കപ്പഴത്തിലാകട്ടെ പക്കാ തമാശക്കാരനും. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡാഡി കൂള്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ഗെറ്റപ്പുകളിലെത്തുന്ന മാലിക് ആണ് ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന സിനിമ. ചിത്രം കരിയറിലൊരു വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.- അമല്‍ രാജ് പറഞ്ഞു.

നാലാം ക്ലാസ് മുതല്‍ നാടക രംഗത്തുണ്ട്. തൃശ്ശൂര്‍ ഡ്രാമ സ്‌കൂളില്‍ നിന്നും പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. ഭാര്യ ദിവ്യലക്ഷ്മി ഭരതനാട്യം നര്‍ത്തകിയാണ്. ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച പ്രേമലേഖനം എന്ന നാടകം 1000 വേദികള്‍ പിന്നിട്ടതായിരുന്നു. ഇരുവരും കലയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.