വിവാഹം, വേര്‍പിരിയല്‍, രണ്ടാം വിവാഹം, ചിത്രങ്ങള്‍ക്ക് പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തി അമല പോള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. സംവിധായകന്‍ എ എല്‍ വിജയിയുമായുള്ള വിവാഹവും വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന്റെയും വാര്‍ത്തകള്‍ പിന്നാലെയാണ് നടിയുടെ രണ്ടാം വിവാഹത്തിന്റെ വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്. അടുത്തിടെയാണ് നടിയുടെ രണ്ടാം വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത പുറത്തു വന്നത്. സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗുമായുള്ള അമലയുടെ വിവാഹം കഴിഞ്ഞു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

ത്രോബാക്ക് എന്ന ഹാഷ്ടാഗോടെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഭവ്‌നിന്ദര്‍ പങ്കുവെച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് ഇടം ഒരുക്കിയത്. എന്നാല്‍ പിന്നാലെ പേജില്‍ നിന്നും ചിത്രങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ അമലയും ഭവ്‌നിന്ദറും നേരത്തെ തന്നെ വിവാഹിതര്‍ ആയെന്നും പിന്നീട് വേര്‍ പിരിഞ്ഞു എന്നും ഗോസിപ്പുകള്‍ പരന്നു. ഇപ്പോള്‍ തന്റെ പേരില്‍ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് നടി തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. താനിപ്പോള്‍ സിനിമകളുമായി തിരക്കിലാണെന്നും സമയമാകുമ്പോള്‍ വിവാഹക്കാര്യം തുറന്നു പറയുമെന്നും അമല ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാന്‍ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കും’ അമല വ്യക്തമാക്കുന്നു

അതേസമയം പല അഭിമുഖങ്ങളിലും തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് നടി അമല വെളിപ്പെടുത്തിയിട്ടുണ്ട്. ആടൈ എന്ന അമലയുടെ സിനിമയുടെ പ്രമോഷനിടെയാണ് നടി അക്കാര്യം തുറന്ന് പറഞ്ഞത്. ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തനിക്ക് കാണിച്ചു തന്നുവെന്നും തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ത്യജിച്ചുവെന്നും അമല പറഞ്ഞിരുന്നു.