അമരീന്ദർ സിംഗ് എൻ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കും.

 

ന്യൂഡൽഹി/ മുൻ കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗ് എൻ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കും. അമരീന്ദർ സിംഗ് നിലവിൽ ചികിത്സാർത്ഥം ലണ്ടനിലാണ് ഉള്ളത്. മടങ്ങിയെത്തിയാലുടൻ അമരീന്ദറിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബി ജെ പിയിൽ ലയിച്ചേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതിന് പിറകെയാണ് ഇപ്പോൾ അദ്ദേഹത്തെ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ഒരു ദേശീയ മദ്യമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നടുവിന് ശസ്ത്രക്രിയ ചെയ്യാനായി ലണ്ടനിലേക്ക് പോയ അമരീന്ദറുമായി, ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി ഫോണില്‍ സംസാരിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസുമായി തെറ്റിപരിഞ്ഞ് അമരീന്ദർ സിംഗ് പാർട്ടി വിടുകയായിരുന്നു. മുൻ ഉപമുഖ്യമന്ത്രി കൂടിയായ നവജ്യോത് സിംഗ് സിദ്ധുവുമായുള്ള അധികാര തർക്കമായിരുന്നു അമരീന്ദറിന്റെ പുറത്താകളിൽ ചെന്നെത്തുന്നത്. കോൺഗ്രസ് വിട്ട പിന്നാലെ അദ്ദേഹം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുകയുമുണ്ടായി. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഖ്യത്തിലായിരുന്നു അമരീന്ദറിന്റെ പാർട്ടി മത്സരിച്ചത്. എന്നാൽ ബി ജെ പിക്കും അമരീന്ദറിനും യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല.

ഒറ്റയ്ക്ക് പോകുന്നതിനു പകരം, ബിജെപിയിൽ ലയിച്ച് മുന്നേറ്റം കൊയ്യാമെന്ന ആലോചനയിലാണ് ക്യാപ്റ്റൻ എന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഇതിന് പിറകെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വമോ അമരീന്ദർ സിംഗോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രിസഭയിലെ മുസ്ലീം മുഖമായ മുക്താർ അബ്ബാസ് നഖ്വി എന്നിവരുടെ പേരുകൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബി ജെ പി പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.

രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്‌സഭയിലെ 543 ലോക്‌സഭാ അംഗങ്ങളും ചേർന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ എംപിമാരുടെ വോട്ടുകളുടെ മൂല്യം കണക്കാക്കുമ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥിക്ക് എളുപ്പത്തിൽ വിജയിക്കാനാവും. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. അന്ന് തന്നെ വോട്ടെണ്ണലും നടക്കും. ജുലൈ അഞ്ചിന് വിഞ്ജാപനം പുറപ്പെടുവിക്കും.