ചാവേര്‍ ആക്രമണം താലിബാന്‍ അറിഞ്ഞ് തന്നെയെന്ന് അമറുള്ള സലേ; ഭീകര സംഘം താലിബാനുമായി ബന്ധമുള്ളത്

അഫ്ഗാനില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണം എ.എസ് സ്വന്തം നിലയ്ക്കുനടത്തിയ ആക്രമണമല്ലെന്ന് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ. സ്‌ഫോടനം നടന്നത് താലിബാന്‍ അറിഞ്ഞ് തന്നെയെന്നും താലിബാന്റെ അറിവോടെ തന്നെയാണ് ആക്രമിച്ചതെന്നുമാണ് അമറുള്ള സലേ ആരോപിക്കുന്നത്. പഞ്ച്ശിര്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധം തീര്‍ത്ത് താലിബാനെ വെല്ലുവിളിക്കുകയാണ് സലേ.

ഐ.എസ്-കെ എന്നറിയപ്പെടുന്ന ഭീകരസംഘം താലിബാന്‍-ഹഖ്വാനി ഗ്രൂപ്പുമായി നേരിട്ട് ബന്ധമുള്ളവരാണ്. താലിബാന്റെ ഒരു സംഘത്തെ ഐ.എസ് പ്രത്യേകം പരിശീലിപ്പിച്ചാണ് ഐ.എസ്-കെ വിഭാഗമുണ്ടാക്കിയിട്ടുള്ളതെന്നും താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സലേ പറഞ്ഞു. പാകിസ്താന്‍ എങ്ങനെയാണോ ഖ്വതാ ഷൂരയെ തള്ളിപ്പറയുന്നത് എന്നതുപോലെയാണ് താലിബാന്‍ ഇപ്പോള്‍ ഐ.എസ്-കെ വിഭാഗത്തെ തള്ളിപ്പറയുന്നതെന്നും സലേ വ്യക്തമാക്കി. പാകിസ്താനില്‍ നിന്നും താലിബാന്‍ ഏറെ തന്ത്രങ്ങള്‍ പഠിച്ചിരിക്കുന്നുവെന്നും സലേ പരിഹസിച്ചു.

ഇന്നലെ വിമാനത്താവളത്തിലെ അബ്ബേ കവാടത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. രണ്ടാമത്തെ സ്ഫോടനം ബാരോണ്‍ ഹോട്ടലിന് സമീപമായിരുന്നു. അമേരിക്കയുടെ 13 സൈനികരടക്കം 62 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 140 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.