സാധനങ്ങള്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിക്കാന്‍ ശ്രമം, ചോദിച്ചപ്പോള്‍ വിസര്‍ജ്യമെന്ന് മറുപടി; വിതരണം ചെയ്യേണ്ട പാക്കേജുകള്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച ആമസോണ്‍ ഡ്രൈവര്‍ പിടിയില്‍

ആമസോണില്‍ കസ്റ്റമേര്‍സ് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിതരണം ചെയ്യാതെ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഡെലിവറി പാര്‍ട്ണര്‍ പിടിയിലായി. ന്യൂജഴ്‌സിയിലാണ് സംഭവം. ആമസോണ്‍ ഡെലിവറി വാഹനത്തിന്റെ ഡ്രൈവറായ ഡെസ്മണ്ട് ഗൗള്‍ഡ് എന്ന 23കാരനാണ് പിടിയിലായത്. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോകുന്ന വഴിയില്‍ കുറേയധികം സാധനങ്ങള്‍ കെട്ടുകളിലാക്കി വഴിയരുകില്‍ ഒളിപ്പിക്കാനായിരുന്നു ഡ്രൈവറുടെ ശ്രമം. എന്നാല്‍ കൃത്യമായി പോലീസുകാരന്‍ തന്നെ ഇക്കാര്യം കണ്ടതോടെ മോഷണശ്രമം കയ്യോടെ പിടിക്കപ്പെടുകയായിരുന്നു.

ആമസോണിന്റെ ഡെലിവറി വാഹനത്തില്‍ നിന്ന് ഒരാള്‍ എന്തൊക്കെയോ പൊതിക്കെട്ടുകള്‍ റോഡരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുന്നത് സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. വഴിയരുകില്‍ പാര്‍ക്ക് ചെയ്ത വാനില്‍ നിന്ന് എന്തോ ബോക്‌സ് വലിച്ചെറിയുന്നത് കണ്ട് സംശയം തോന്നിയ പോലീസ് ഓഫീസര്‍ വാനിന് സമീപമെത്തി എന്താണ് എറിഞ്ഞത് എന്ന് ഡ്രൈവറായ ഡസ്മണ്ടിനോട് ചോദിക്കുകയായിരുന്നു.

എറിഞ്ഞത് വിസര്‍ജ്യമാണെന്നായിരുന്നു ഡസ്മണ്ടിന്റെ മറുപടി. ഇതില്‍ സംശയം തോന്നിയ പോലീസ് ഓഫീസര്‍ എങ്കില്‍ കാട്ടിലേക്ക് എറിഞ്ഞ പൊതിക്കെട്ട് എടുത്തുകൊണ്ട വരുവാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡസ്മണ്ട് പൊതിക്കെട്ട് എടുത്തുകൊണ്ടു വന്നു. പോലീസുകാരന്‍ പൊതിക്കെട്ട് വാങ്ങി പരിശോധിച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവര്‍ ചെയ്യാനുള്ള പാക്കറ്റുകളായിരുന്നു അതിനുള്ളില്‍.

പതിനൊന്ന പാക്കറ്റുകളില്‍ നിന്നായി 288.87 ഡോളര്‍ മൂല്യമുള്ള വസ്തുക്കളാണ് കണ്ടത്. ഇവ ഡെലിവര്‍ ചെയ്യാതെ മറിച്ച് വില്‍ക്കാനായിരുന്നു ഡസ്മണ്ടിന്റെ ഉദ്ദേശം. സാധനങ്ങള്‍ ആദ്യം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചതിനു ശേഷം പിന്നീട് മടങ്ങിവന്ന് അതെടുക്കാനായിരുന്നു ഡസ്മണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ യാദൃശ്ചികമായി പോലീസിന്റെ കണ്ണില്‍പ്പെടുകയായിരുന്നു. അനധികൃതമായി വസ്തുക്കള്‍ വലിച്ചെറിയുക, മോഷണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഡസ്മണ്ട് ഗൗളിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

വിഷയത്തില്‍ ആമസോണിന്റെ ഒദ്യോഗിക വക്താവ് പ്രതികരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നല്ല സേവനം ലഭ്യമാക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നതെന്നും ഞങ്ങള്‍ ഉദ്ദേശിച്ച രീതിയിലുള്ള സേവനമല്ല ഡെലിവറി പാര്‍ട്ട്‌നറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത്തരക്കാരെ ആമസോണ്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു.