പഞ്ചാബ് മുഖ്യമന്ത്രിയാകാനില്ല; രാഹുലിനെ തീരുമാനം അറിയിച്ച്‌ അംബിക സോണി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച്‌ മുതിര്‍ന്ന നേതാവ് അംബിക സോണി. ശനിയാഴ്ച്ച രാത്രി വൈകി രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.

ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ശനിയാഴ്ച്ചയാണ് രാജിസമര്‍പ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമരീന്ദറിന്റെ പകരക്കാരനെ കണ്ടെത്തുക എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവിളിയാണ്.

പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജക്കാര്‍, ഇപ്പോഴത്തെ അധ്യക്ഷനും അമരീന്ദറിന്റെ എതിരാളിയുമായ നവജ്യോത് സിങ് സിദ്ദു, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ സുഖ്ജീന്ജര്‍ സിങ് രണ്‍ ധാവ, പ്രതാപ് സിങ് ബവ്ജ എന്നിവരാണ് ഹൈക്കമാന്‍ഡിന്റെ ലിസ്റ്റില്‍.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. നിരീക്ഷകര്‍ പഞ്ചാബിലെത്തിയിട്ടുണ്ട്. ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന വിഷയത്തില്‍ ഓരോ എം.എല്‍.എമാരുമായും ഇവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കകയാണ്.

ചര്‍ച്ചകള്‍ക്കു ശേഷം എം.എല്‍.എമാരുടെ അഭിപ്രായം ഇവര്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിക്കും. ആരാകും പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇന്ന് ഉച്ചയക്ക് ശേഷം തീരുമാനമാകുമെന്നാണ് കരുതുന്നത്.