അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങുമോ? ട്രംപിന് മുന്നിൽ മോദി മുട്ടു മടക്കുമോ?

അമേരിക – ഇന്ത്യ – ഇറാൻ നയം വിശകലനം ചെയ്ത് ഡോ. പി. ജെ. വിന്‍സെന്‍റ് ഇറാന്‍ ട്രംപിന്‍റെ പുതിയ യുദ്ധമേഖല. കടുത്ത ഇറാന്‍ വിരുദ്ധത ട്രംപിന്‍റെ പശ്ചിമേഷ്യന്‍ നയത്തിന്‍റെ കാതൽ. ആണവ പദ്ധതി ഇറാന്‍ പടിപടിയായി കുറച്ചുകൊണ്ടുവന്ന് അവസാനിപ്പിക്കുവാന്‍ ധാരണയായി.

ഇറാന്‍: ട്രംപിന്‍റെ പുതിയ യുദ്ധമേഖല ഡോ. പി. ജെ. വിന്‍സെന്‍റ് ആണവ യുദ്ധത്തിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ട കിഴക്കനേഷ്യന്‍ മേഖലയില്‍ സെന്‍റോസ ഉച്ചകോടി വഴി സമാധാനം പുലരാനുള്ള സാധ്യത തെളിഞ്ഞതിനു പിന്നാലെ ഇറാനില്‍ പുതിയ യുദ്ധമേഖല തുറന്ന് സംഘര്‍ഷങ്ങള്‍ക്ക് ഇടവേളകളില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കടുത്ത ഇറാന്‍ വിരുദ്ധത ട്രംപിന്‍റെ പശ്ചിമേഷ്യന്‍ നയത്തിന്‍റെ കാതലാണ്. മരുമകനും പശ്ചിമേഷ്യന്‍ കാര്യങ്ങളുടെ ഉപദേശകനുമായ ജാരെദ് കുഷ്നര്‍ കറകളഞ്ഞ ഇസ്രായേല്‍ അനുകൂലിയാണ്. ഇറാന്‍റെ നേതൃത്വത്തിലുള്ള ഷിയാ സഖ്യത്തിനെതിരെ ഇസ്രായേല്‍-ഈജിപ്ത്-സൗദി അറേബ്യ സഖ്യം രൂപപ്പെടുത്തിയതില്‍ മുഖ്യ പങ്ക് വഹിച്ചത് കുഷ്നര്‍ ആണ്. സൗദി സഖ്യം ഖത്തറിനെതിരെ ചുമത്തിയ ഉപരോധത്തിന്‍റെ സൂത്രധാരനും അദ്ദേഹമായിരുന്നു. അമേരിക്കയില്‍ മതമൗലിക നിലപാടുകള്‍ പ്രചരിപ്പിക്കുകയും അവ സ്റ്റേറ്റ് പോളിസിയില്‍ വിശിഷ്യ പശ്ചിമേഷ്യന്‍ നയത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന പ്രൊട്ടസ്റ്റന്‍റ് ക്രിയേഷനിസ്റ്റുകളുടെയും ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെയും ആശയങ്ങളോട് ഐക്യപ്പെടുന്ന നിലപാടാണ് ട്രംപും അദ്ദേഹത്തിന്‍റെ നയതന്ത്ര സംഘവും പൊതുവില്‍ സ്വീകരിക്കുന്നത്. ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ ഇസ്രായേലിനെതിരെയാവും അത് പ്രയോഗിക്കുക എന്നതാണ് ഇവരുടെ ആശങ്ക. തന്മൂലം ഇറാന്‍റെ ആണവനിലയങ്ങളും ഗവേഷണകേന്ദ്രങ്ങളും മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ക്കണമെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. ഇസ്രായേലാകട്ടെ എന്തു വിലകൊടുത്തും ഇറാന്‍റെ ആണവ പദ്ധതി തകര്‍ക്കാനുള്ള പരിശ്രമത്തിലുമാണ്. ഇക്കാര്യത്തില്‍ ഒബാമ ഭരണകൂടം സമതുലിതമായ നിലപാടാണ് സ്വീകരിച്ചത്. ഇറാന്‍ ആക്രമണം പശ്ചിമേഷ്യ മുഴുവന്‍ ഗ്രസിക്കുന്ന യുദ്ധത്തിലേക്കും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഭീകരാക്രമങ്ങള്‍ക്കും ഒളിയുദ്ധങ്ങള്‍ക്കും കാരണമാവുകയും ചെയ്യുമെന്ന ശരിയായ നിരീക്ഷണമാണ് ഒബാമ ഭരണകൂടത്തിനുണ്ടായിരുന്നത്. മാത്രമല്ല, ആഗോള ജിഹാദി പ്രസ്ഥാനങ്ങള്‍ക്ക് ശക്തിപ്പെടാനുള്ള സാഹചര്യവും ഇറാന്‍ ആക്രമണം സൃഷ്ടിക്കും. സൈനികശേഷിയില്‍ മേഖലയിലെ വന്‍ശക്തിയായി ഇറാന്‍ മാറിയിട്ടുണ്ട്. ആഭ്യന്തരമായി ശിഥിലീകരണശക്തികള്‍ ദുര്‍ബലവുമാണ്. ഈ സാഹചര്യത്തില്‍ നേരിട്ടുള്ള യുദ്ധവും ഭീഷണിയും ഇറാന്‍റെ കാര്യത്തില്‍ ഫലപ്രദമാകില്ല. നയതന്ത്ര മാര്‍ഗ്ഗത്തിലൂടെ ഇറാന്‍ ആണവ പ്രശ്നം പരിഹരിക്കാന്‍ അമേരിക്ക മുന്‍കൈയെടുക്കുവാന്‍ കാരണമിതാണ്. 2015-ലെ ഇറാന്‍ ആണവകരാര്‍ സെന്‍റോസ പ്രഖ്യാപനം പോലെ ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതിയിലെ 5 സ്ഥിരാംഗങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ഇറാനുമായുണ്ടാക്കിയ ജ5 + 1 കരാര്‍ പ്രകാരം ഇറാന്‍ അവരുടെ ആണവ പദ്ധതി പടിപടിയായി കുറച്ചുകൊണ്ടുവന്ന് അവസാനിപ്പിക്കുവാന്‍ ധാരണയായി. കരാര്‍പ്രകാരമുള്ള തുടര്‍നടപടികള്‍ ഇറാന്‍ സ്വീകരിച്ചു. ഉപരോധത്തില്‍ ഇളവു വരുത്തുവാന്‍ അമേരിക്കയും തയ്യാറായി. പശ്ചിമേഷ്യയില്‍ ആണവയുദ്ധത്തിനുള്ള സാധ്യത ഏറെക്കുറെ ഇല്ലാതാക്കാന്‍ ജ5 + 1 കരാറിനു കഴിഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പുവേളയിലും അതിനുമുമ്പും ട്രംപും യാഥാസ്ഥിതികരും റിപ്പബ്ലിക്കന്മാരും ജ5 + 1കരാറിനെ ശക്തമായി എതിര്‍ക്കുകയുണ്ടായി. ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഈ കരാറെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ട്രംപ് പറഞ്ഞു. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ടാല്‍ കരാറില്‍നിന്ന് പിന്‍വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് വാക്കുപാലിച്ചു. മെയ് 8, 2018 ന് കരാറില്‍നിന്ന് പിന്‍വാങ്ങുന്ന പ്രഖ്യാപനം അദ്ദേഹം നടത്തി. ഒരു അന്താരാഷ്ട്ര കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ധാരണയ്ക്കും കടകവിരുദ്ധമാണ്. മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ കാര്‍മ്മികത്വത്തില്‍ രൂപപ്പെടുത്തിയ കരാറില്‍നിന്ന് പിന്‍വാങ്ങുകവഴി യു.എന്‍.ഒ.യുടെ പദവിയും പ്രാമാണികത്വവും അംഗീകരിക്കുന്നില്ലെന്ന സൂചനയാണ് ട്രംപ് ഭരണകൂടം നല്‍കുന്നത്. കരാറില്‍നിന്ന് പിന്‍വാങ്ങിയ മുറയ്ക്ക് ഉപരോധം കടുപ്പിച്ച് അമേരിക്ക രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയനും ചൈനയും റഷ്യയും ജര്‍മ്മനിയുമെല്ലാം അമേരിക്കന്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചു. എന്നിരുന്നാലും ഉപരോധത്തിന്‍റെ കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഈ രാഷ്ട്രങ്ങള്‍ക്ക് കഴിയുമോ എന്ന കാര്യം സംശയമാണ്. യൂറോപ്യന്‍ യൂണിയന് തന്ത്രപരമായും സാമ്പത്തികമായും സാംസ്കാരികമായും അമേരിക്കയുമായി അടുത്ത ബന്ധങ്ങളാണുള്ളത്. ചൈനയാകട്ടെ അമേരിക്കയുടെ ഏറ്റവുമടുത്ത വ്യാപാരപങ്കാളിയുമാണ്. റഷ്യക്ക് അമേരിക്കന്‍ സമ്മര്‍ദ്ദം പ്രശ്നമല്ലെങ്കിലും എണ്ണസമ്പന്നമായ രാജ്യമെന്ന നിലയ്ക്ക് അവര്‍ക്ക് ഇറാന്‍റെ എണ്ണ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ ഇറാനെതിരെ അമേരിക്ക ചുമത്തുന്ന എണ്ണ ഉപരോധം ഫലപ്രദമാകാനാണ് സാധ്യത. ഇതോടൊപ്പം സൗദി നിയന്ത്രണത്തിലുള്ള ‘ഒപെക്’ രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കൂട്ടി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആവശ്യത്തിലധികം എണ്ണ എത്തിക്കുകയും ചെയ്യും. ഇറാന്‍റെ എണ്ണ വാങ്ങി അമേരിക്കയുടെ ശത്രുത സമ്പാദിക്കാന്‍ പൊതുവില്‍ എണ്ണ ഇറക്കുമതി രാഷ്ട്രങ്ങള്‍ തയ്യാറാകില്ല. ഈ സാഹചര്യത്തില്‍ എണ്ണ ഉപരോധം ഇറാന്‍റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയും ഇറാനും ഇന്ത്യയും ഇറാനും സമീപകാലത്ത് സാമ്പത്തികരംഗത്തും പ്രതിരോധമേഖലയിലും അടുത്ത സഹകരണം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇറാനില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ചരബഹാര്‍ തുറമുഖം വളരുന്ന ഇന്ത്യ-ഇറാന്‍ സഹകരണത്തിന്‍റെ പ്രതീകമാണ്.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.