വിശ്രമത്തിനായി പ്രധാനന്ത്രി ആഢംബര ഹോട്ടലുകള്‍ ഉപയോഗിക്കാറില്ല : അമിത്ഷാ

ഡല്‍ഹി: വിദേശ യാത്രക്കിടയില്‍ നടപടി ക്രമങ്ങളുടെ ഭാഗമായി വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കേണ്ടിവരികയാണെങ്കില്‍ പ്രധാനന്ത്രി വിശ്രമത്തിനായി ആഢംബര ഹോട്ടലുകള്‍ ഉപയോഗിക്കാറില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ . ലോക്സഭയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത് . വിശ്രമിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും അദ്ദേഹം ആഡംബര ഹോട്ടലുകള്‍ക്ക് പകരം വിമാനത്താവളത്തിലെ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന് അധിക ചിലവ് ഉണ്ടാകാന്‍ പാടില്ല എന്ന ചിന്താഗതിക്കാരനാണ് നരേന്ദ്രമോദിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു .

‘മുന്‍ പ്രധാനമന്ത്രിമാരുടെ കാലത്ത് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ വിമാനങ്ങള്‍ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലോ, ഇന്ധനം നിറയ്ക്കുന്നതിനായോ മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കേണ്ടിവരുമ്ബോള്‍ ആഢംബര ഹോട്ടലുകളാണ് താമസത്തിനായി ഉപയോഗിച്ചിരുന്നത് . ഇത് രാജ്യത്തിന് സാമ്ബത്തിക ബാധ്യത വരുത്തിയിരുന്നെന്നും’ അമിത് ഷാ ചൂണ്ടിക്കാട്ടി .

‘മുമ്പ് അങ്ങനെയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തില്‍ തന്നെ നടപടികള്‍ കഴിയുന്നതുവരെ കാത്തിരിക്കും. കൂടെ വരുന്ന ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം കാറുകള്‍ ഏര്‍പ്പാടാക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഒരുകാറില്‍ നാലുപേരെങ്കിലും യാത്ര ചെയ്യണം. അതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ ബസ് വിളിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്’, ഷാ വ്യക്തമാക്കി . സ്വകാര്യ ജീവിതത്തിലും പൊതു ജീവിതത്തിലും കര്‍ശനമായ അച്ചടക്കം പാലിക്കുന്നയാളാണ് മോദിഎന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു .

എസ്പിജി സുരക്ഷയുമായി ബന്ധപ്പെട്ട സ്പഷ്യല്‍ പ്രൊട്ടക്ഷന്‍ ഭേദഗതി ബില്ല്, 2019 നെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് അമിത് ഷായുടെ ചെലവുചുരുക്കല്‍ പരാമര്‍ശം. ഗാന്ധി കുടുംബം എസ്പിജി സുരക്ഷ ദുരുപയോഗം ചെയ്‌തെന്ന് അമിത് ഷാ ആരോപിച്ചു. കഴിഞ്ഞ 20 വര്‍ഷമായി മോദി സുരക്ഷാവലയം ഒരിക്കലും ഭേദിച്ചിട്ടില്ലെന്നും എന്നാല്‍ ഗാന്ധി കുടുംബം അത് ചെയ്‌തെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു. ആരോപണങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചു.