മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് അമിത് ഷാ ഉത്തരാഘണ്ഡിലേക്ക്

ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഘണ്ഡിലേക്ക്. മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് സ്ഥിതി​ഗതികൾ വിലയിരുത്താനാണ് അമിത് ഷാ പ്രദേശത്ത് എത്തുന്നത്. ഉത്തരാഖണ്ഡിൽ എല്ലാ സഹകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാഗ്ദനം ചെയ്തിട്ടുണ്ട്.

ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. പത്ത് പേർ മരിച്ചുവെന്നാണ് സംശയിക്കപ്പെടുന്നത്. 150 ഓളം ആളുകളെ കാണാതായി എന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുമല ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. പ്രളയത്തെത്തുടര്‍ന്ന് ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ജോഷിമഠിലെ തപോവന്‍ റെയ്‌നി എന്ന പ്രദേശത്താണ് വലിയ മഞ്ഞുമല ഇടിഞ്ഞുവീണത്. അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണ്ണമായും തകര്‍ന്നതോടെ ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് സമീപ പ്രദേശത്ത് നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

മുഖ്യമന്ത്രി ത്രിവേദ് സിങ് റാവത്തിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഞ്ഞിടിച്ചിലെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഐടിബിപിയുടെ രണ്ട് സംഘവും മൂന്ന് എന്‍ഡിആര്‍എപ് സംഘങ്ങളും പ്രദേശത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സംഘവും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ടെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു.