അമിത് ഷാ കശ്മീരിലേക്ക്; സ്‌നൈപ്പേഴ്‌സ്, ഡ്രോണുകള്‍, ഷാര്‍പ്പ് ഷൂട്ടര്‍മാര്‍- വന്‍ സുരക്ഷാ സന്നാഹം

ശ്രീനഗര്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും. പ്രദേശത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ ഭീകരാക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദര്‍ശനം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. പ്രദേശത്ത് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി താഴ്വരയിലുടനീളം സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

പ്രത്യേകിച്ചും ശ്രീനഗറില്‍ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. സുരക്ഷാ അവലോകന യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.

കനത്ത സുരക്ഷയാണ് അമിത് ഷായ്‌ക്കായി ഒരുക്കിയിരിക്കുന്നത്. അമിത് ഷാ താമസിക്കുന്ന ഗുപ്കര്‍ റോഡിലെ രാജ്ഭവന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്‌നൈപ്പര്‍മാരെയും ഷാര്‍പ്പ് ഷൂട്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഇന്ന് ശ്രീനഗറില്‍നിന്ന് ഷാര്‍ജയിലേക്കു നേരിട്ടുള്ള വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യും. കൂടാതെ കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെയും അമിത് ഷാ സന്ദര്‍ശിക്കും.