ഖാലിസ്ഥാൻ വിഘടനവാദി അമൃത്‌പാൽ സിംഗ് പിടിയിൽ, കീഴടങ്ങിയതെന്ന് റിപ്പോർട്ട്

ചണ്ഡിഗഡ്: വാരിസ് പഞ്ചാബ് ദേ മേധാവി അമൃത്‌പാൽ സിംഗ് കീഴടങ്ങിയതായി റിപ്പോർട്ട്. പഞ്ചാബിലെ മോഗയിൽ അമൃത്‌പാൽ കസ്റ്റഡിയിലാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആസാമിലെ ദിബ്രുഗഡിലേയ്ക്ക് അമൃത്‌പാലിനെ മാറ്റുമെന്ന് വിവരമുണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ല. പഞ്ചാബിലെ ഹോഷിയാർപൂരിൽ ഇയാൾ ഒളിവിൽ കഴിഞ്ഞെന്ന് സംശയിക്കുന്ന വീട്ടിൽ അടുത്തിടെ പരിശോധന നടത്തിയിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പ്രതിഫലം നൽകുമെന്നും പോലീസ് അറിയിച്ചിരുന്നു.

അതേസമയം അമൃത്‌പാലിന് സഹായം ചെയ്യുന്നുവെന്ന് സംശയിക്കുന്നവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തുവരികയായിരുന്നു. പഞ്ചാബിൽഅമൃത്‌പാലിന് താമസിക്കാൻ സഹായം നൽകിയ ഹർദീപ് സിംഗ്, കുൽദീപ് സിംഗ് എന്നീ സഹോദരന്മാരെ പൊലീസ് പിടികൂടിയിരുന്നു. പോലീസിനെ വെട്ടിച്ച് ലണ്ടനിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അമൃത്‌പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ പൊലീസ്അറസ്റ്റ് ചെയ്തിരുന്നു.

രാജ്യംവിടാൻ വിമാനത്തിൽ ഇരിക്കെ അമൃത്സർ എയർപോട്ടിൽ വച്ചാണ് കിരൺ ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അമൃത്സറിലെ ശ്രീ ഗുരുറാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വകുപ്പാണ് ഇവരെ ആദ്യം തടഞ്ഞുവച്ചത്. ശേഷം പൊലീസിന് കൈമാറുകയായിരുന്നു.