എന്റെ സന്തോഷം നീയാണ്, നിന്നെ കാണാൻ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല- അമൃത സുരേഷ്

പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോടെ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോഴിതാ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ട് അമൃത സുരേഷ്. ഗോപി സുന്ദറിനെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം പ്രകടിപ്പിച്ചുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്. ‘എന്റെ സന്തോഷം നീയാണ്. നിന്നെ കാണാൻ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല എനിക്ക്’, എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ്. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. ഗോപി സുന്ദർ എവിടെയാണെന്നു ഗായികയോടു തിരക്കുകയാണ് ആരാധകർ.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അമൃത സുരേഷ് യുഎഇ ഗോൾഡൻ വീസ സ്വീകരിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ ഗോപി സുന്ദർ എത്തിയിരുന്നില്ല. ഗോൾഡൻ വീസ സ്വീകരിച്ച അമൃതയെ അഭിനന്ദിച്ചുകൊണ്ട് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു.മുൻപ് പലപ്പോഴായി അമൃതയെ ഓമനപ്പേരായ കണ്മണി എന്ന് വിളിച്ച് ഗോപി അഭിസംബോധന ചെയ്തിട്ടുണ്ട്. ‘കൺഗ്രാചുലേഷൻസ് കണ്മണി’ എന്നാണ് ഗോപി അമൃതയ്ക്ക് നൽകിയ അഭിനന്ദനം. ഇതിനു താഴെയായി അമൃത ഗോപിയുടെ ഓമനപ്പേര് ചൊല്ലി നന്ദി അറിയിക്കുന്നുണ്ട്. ഇതുവരെയും ആരും കേൾക്കാത്ത പേരാണ് അമൃത ഗോപിയെ വിളിച്ചത്. ‘മിസ്ഡ് യു ഹിയർ അങ്കൂട്ടാ’ എന്നാണ് അമൃത ഗോപിയുടെ കമന്റിന് നൽകിയ മറുപടി.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്