കേന്ദ്ര ബജറ്റ്, മൽസ്യ പദ്ധതി അവതരിപ്പിച്ച് ആനന്ദബോസ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി. മത്സ്യമേഖയുടെ വികസനത്തിനായുള്ള സമഗ്ര പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തുന്നതിനും ഉചിതമായ നടപടികൾക്കുമായി അദ്ദേഹം കേന്ദ്ര ധനമന്ത്രിക്ക് കൈമാറി.

മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന ഘട്ടത്തിലും അതിനുശേഷവും മത്സ്യമേഖലയിൽ നിർണായക ഇടപെടലുകൾ നടത്താൻ അവസരം കിട്ടിയ വ്യക്തി എന്ന നിലയിൽ ​ആ​ മേഖലയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും വ്യക്തികളും സംഘടനകളുമായി പലപ്പോഴായി​ അദ്ദേഹം നടത്തിയ കൂടിയാലോചനകളിൽ ഉയർന്നുവന്ന ​ ​ചില ​സുപ്രധാന ആശയങ്ങളും അഭിപ്രായങ്ങളും ശുപാർശകളും ​ഉൾപ്പെട്ട രേഖയാണ് കൈമാറിയത്. ഇന്ത്യാ ഗവൺമെൻ്റ് ലേബർ അഡൈ്വസറി ബോർഡിന്റെ ‘ഒൺ മാൻ കമ്മീഷൻ’ എന്ന നിലയിലാണ് ഡോ ബോസ് ആണ് ഈ റിപ്പോർട്ട് നേരത്തെ സമാഹരിച്ചത്

കേരളത്തിലെ മത്സ്യമേഖലയുടെയും അതുകൊണ്ട് ഉപജീവനം നടത്തുന്നവരുടെയും പ്രശ്നങ്ങൾക്കും സാധ്യതകൾക്കും ഊന്നൽ നൽകുന്ന ഒരു റിപ്പോർട്ട് കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യന്, അദ്ദേഹം ചുമതലയേറ്റതിനുപിന്നാലെ ഗവർണർ ആനന്ദബോസ് കൈമാറിയിയിരുന്നു.

ഈ മേഖലയിൽ ഉപജീവനം നടത്തുന്നവർക്ക് മികച്ച വരുമാനം ഉപറപ്പുവരുത്തുന്നതിനുതകുന്ന സാമ്പത്തിക വികസന പരിപാടികൾ നടപ്പാക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം റിപ്പ്പോർട്ടിൽ എടുത്തുപറഞ്ഞു.

ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ വർധിച്ചുവരുന്ന പങ്കിനെകുറിച്ച് ഇരുവരും ദീർഘമായി ചർച്ച ചെയ്തു. ’രാജ്യപാൽ വികാസ് കെ രാജ് ദൂത്’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിൻ്റെ വികസന പദ്ധതികളുടെ, പ്രത്യേകിച്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവഹണവും ഭരണഘടനയുടെ ആർട്ടിക്കിൾ 167 അനുശാസിക്കുന്നതുപ്രകാരം സംസ്ഥാന ഭരണത്തിൻ്റെ ധനസ്ഥിതിയും സസൂക്ഷ്മം വിലയിരുത്തുമെന്ന് ഗവർണർ ആനന്ദബോസ് പറഞ്ഞു.

സംസ്ഥാനത്തിൻ്റെ ധനമാനേജ്‌മെന്റ് സംബന്ധിച്ച വിമർശനാത്മകമായ ഒരു റിപ്പോർട്ട് മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കാനും അത് മന്ത്രിസഭയിൽ വിശദമായി ചർച്ച ചെയ്യണമെന്ന് നിർദ്ദേശിക്കാനും ഉദ്ദേശിക്കുന്നതായി ഗവർണർ പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെപ്പറ്റി ഒരു ധവളപത്രം പുറപ്പെടുവിക്കണമെന്ന് സർക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു.