അനീഷിന് കെണിയായത് ഒളിച്ചോടുന്നതിനിടെ വിളിച്ച ഫോണ്‍കോള്‍

നേര്യമംഗലം: തൊടുപുഴ കമ്പകക്കാനത്തു നാലംഗ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കുടുങ്ങിയത് ഓട്ടോഡ്രൈവര്‍ പോലീസിനു നല്‍കിയ സൂചനയെ തുടര്‍ന്ന്. ഓട്ടത്തിനിടയില്‍ അനീഷ് തന്റെ ഫോണില്‍നിന്നു വിളിക്കാതെ ഓട്ടോക്കാരന്റെ ഫോണില്‍നിന്ന് അടിമാലി കൊരങ്ങാട്ടിയിലുള്ള സുഹൃത്തിനെ വിളിച്ചതും അയാള്‍ തിരിച്ചു വിളിച്ചതുമാണ് കമ്പകക്കാനം കൂട്ടക്കൊലക്കേസുമായി ബന്ധമുള്ളയാളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നതെന്ന് ഡ്രൈവര്‍ക്ക് മനസ്സിലാകാന്‍ കാരണമായത്.

അടിമാലി കൊരങ്ങാട്ടി ആദിവാസി കോളിനിയിലെ അനീഷ് (29)നെ നേര്യമംഗലത്തെ ഒരു വീട്ടില്‍നിന്നു ചൊവ്വാഴ്ച രാത്രി 11 മണിയോടെ നാട്ടുകാരുടെ സഹായത്തോടെയാണു പോലീസ് പിടികൂടിയത്. കുറത്തി, ആവുറുകുട്ടി വനമേഖലയില്‍ സഞ്ചരിച്ച് മാമലക്കണ്ടത്ത് ചൊവ്വാഴ്ച രാത്രി എട്ടോടെ ഇയാള്‍ എത്തി. ഇവിടെനിന്നു നേര്യമംഗലത്തേക്ക് ഓട്ടോ വിളിച്ചു. നേര്യമംഗലം 46 ഏക്കര്‍ സ്ഥലത്തുള്ള വീടായിരുന്നു ലക്ഷ്യം. ഓട്ടത്തിനിടയില്‍ അനീഷ് തന്റെ ഫോണില്‍നിന്നു വിളിക്കാതെ ഓട്ടോക്കാരന്റെ ഫോണില്‍നിന്ന് അടിമാലി കൊരങ്ങാട്ടിയിലുള്ള സുഹൃത്തിനെ വിളിച്ചു. സുഹൃത്ത് ഫോണ്‍ എടുത്തില്ല. നേര്യമംഗലത്ത് ലക്ഷ്യം വച്ച വീടിനു ഏകദേശം 150 മീറ്റര്‍ അകലെവച്ച് ഇയാള്‍ ഇറങ്ങി. ഈ സമയം പ്രതിയുടെ െകെയില്‍ തുച്ഛമായ രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഓട്ടോക്കാരന്‍ പോലീസിനോട് പറഞ്ഞു.

മടക്കയാത്രയില്‍ പ്രതിയുടെ സുഹൃത്ത് ഓട്ടോക്കാരന്റെ ഫോണിലേക്ക് തിരിച്ച് വിളിച്ചതാണു വഴിത്തിരിവായത്. സംസാരമധ്യേ ഓട്ടോയില്‍ സഞ്ചരിച്ചയാള്‍ കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നു ഡ്രൈവര്‍ക്ക് ബോധ്യമായതോടെ ഓട്ടോക്കാരന്‍ അടിമാലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അടിമാലി പോലീസ് കാളിയാര്‍ സി.ഐയെ വിവരം അറിയിച്ചു. ഊന്നുകല്‍ പോലീസ് ഉള്‍പ്പെട വന്‍ പോലീസ് സന്നാഹം നാട്ടുകാരുടെ സഹായത്തോടെ അനീഷ് ഒളിച്ചിരുന്ന വീട് വളഞ്ഞു.

ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരിന്നില്ല. വീടിനു സമീപമുള്ള കുളിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയുടെ ആയുധമുണ്ടോയെന്ന് സംശയിച്ച പോലീസ് വാതില്‍ പുറമെനിന്നു പൂട്ടിയശേഷം ഇയാളെ കീഴ്‌പ്പെടുത്താനുള്ള തയാറെടുപ്പ് നടത്തി. തുടര്‍ന്നാണ് പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടിയത്.

പ്രതി ഒളിച്ചിരുന്ന വീട് ഇടുക്കി പഴയരികണ്ടം സ്വദേശിയായ അധ്യാപികയും കുടുംബവും വാടകയ്ക്കു താമസിക്കുന്നതാണ്. നേര്യമംഗലം ഗവ. െഹെസ്‌കൂളില്‍ ജോലിയുള്ള അധ്യാപിക ഭര്‍ത്താവും മകനുമൊത്താണ് ഇവിടെ താമസിക്കുന്നത്. പ്രതിക്ക് ഈ കുടുംബവുമായി പരിചയമുള്ളതിനാല്‍ സാമ്പത്തിക സഹായത്തിനോ, ഒളിവില്‍ കഴിയാനോ ആയിരിക്കാം ഇവിടെയെത്തിയെന്ന നിഗമനത്തിലാണു പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച അധ്യാപികയും കുടുംബവും നാട്ടില്‍ പോയിട്ട് തിരികെ വന്നിട്ടില്ല.

കഴിഞ്ഞ മാസം 29നാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനുശേഷം അടിമാലിയിലേക്കു കടന്ന പ്രതി പോലീസ് അന്വേഷിക്കുന്നുണ്ടെന്നു പത്രങ്ങളില്‍നിന്നറിഞ്ഞതോടെയാണു മാങ്കുളം പിച്ചാട് വനമേഖലയിലേക്കു കടന്നത്. ഈ പ്രദേശങ്ങളില്‍ നിരവധി ആദിവാസി കോളനികളുണ്ട്. പിച്ചാട് വനമേഖലയില്‍ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നു ദിവസങ്ങളോളം അടിമാലി പോലീസ് വനമേഖലയില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസിലെ രണ്ടാംപ്രതി തൊടുപുഴ കീരിക്കോട് സ്വദേശി ലിബീഷ് ബാബുവിനെ കഴിഞ്ഞ ദിവസമാണു പോലീസ് അറസ്റ്റ് ചെയ്തത്.