മനുഷ്യർ പ്രദർശന വസ്തുക്കൾ ആക്കുന്നത് സംസ്കാരശൂന്യത, കലയും പൈതൃകവും സംസ്കാരവും അടയാളപ്പെടുത്തേണ്ടത് പൊതു വേദികൾ നല്കികൊണ്ട്

കേരളീയം മേളയിലെ ഫോക്‌ലോർ ലിവിങ് മ്യൂസിയത്തെ ചൊല്ലി സർക്കാറിനെതിരെ വ്യാപക വിമർശനം. മ്യൂസിയത്തിന്റെ പേരിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന് ആരോപിച്ച് ഒരു വിഭാഗം സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തി. ഗോത്ര കലകൾ പരിചയപ്പെടുത്തൽ മാത്രമാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സർക്കാരിന്റെയും ഫോക്‌ലോർ അക്കാദമിയുടെയും വിശദീകരണം.

ഗോത്രജനതയെ പൊതു പൗരസമൂഹത്തിന്റെ ഭാഗമായി അറിഞ്ഞംഗീകരിക്കുവാൻ വയ്യ. അതിന് പകരം അവരെ ഒരാഴ്ചക്കാലം കൗതുക ക്കാഴ്ചയാക്കി മാറ്റുന്നതിൽ ഒട്ടും ലജ്ജ തോന്നുന്നില്ലേ ഇവിടുത്തെ സാംസ്‌കാരിക ജീവികൾക്ക്? ആദിവാസികൾ എന്നാൽ ഇതുപോലെയുള്ള വേഷവിധാനവും ചില പരമ്പരാഗതകലകളും മാത്രമുള്ള ഒരു കൂട്ടർ എന്ന ഒരു ധാരണ പുറംലോകത്ത് എത്തിക്കാനല്ലേ ഇത് കൊണ്ട് കഴിയൂയെന്നാണ് അഞ്ജു പാർവതി ചോദിച്ചത്.

കുറിപ്പിങ്ങനെ

ഒരാഴ്ച മജ്ജയും മാംസവും ചിന്തയും ചേതനയും ഉള്ള മനുഷ്യരെ ഷോകേസ് മെറ്റീരിയൽ ആക്കിയ പ്രബുദ്ധ കേരളീയത്തിന് തിരശ്ശീല വീഴുകയാണ്. ആദിവാസി സഹോദരങ്ങളെ ഇങ്ങനെ മ്യൂസിയം പീസാക്കി വച്ച ഈ പ്രവൃത്തിയിലൂടെ ലോകം ഒരു കാര്യം തിരിച്ചറിഞ്ഞു കഴിഞ്ഞു, മനുഷ്യവിരുദ്ധതയ്ക്ക് എന്നും പ്രഥമ സ്ഥാനം കമ്മ്യൂണിസ്റ്റ് ഭരണത്തിൽ മാത്രമെന്ന്!!മനുഷ്യരെ തുല്യരായി കാണാതെ മ്യൂസിയം പീസായി വച്ച് പ്രദർശനം നടത്തുന്ന കേരള നവോത്ഥാനം.!!കണ്മുന്നിൽ കണ്ട ഏറ്റവും മനുഷ്യവിരുദ്ധമായ അശ്ലീലതയെ ബോധമുള്ളവർ ചൂണ്ടിക്കാട്ടി കൊടും തെറ്റ് എന്ന് പറയുമ്പോൾ അതിനെ പുറം കാല് കൊണ്ട് തൊഴിക്കുന്ന അടിമക്കൂട്ടങ്ങൾ!! വിശപ്പടക്കാൻ ഒരു പിടി അരിമണി മോഷ്ടിച്ച ഒന്നിനെ തല്ലിക്കൊന്ന കേരള വിഖ്യാത ചരിത്രം പുനരാവിഷ്കരിക്കപ്പെടാതെ തന്നെ ഈ ഫെസ്റ്റിൽ പ്രതീകാത്മകമായി കാണുവാൻ കഴിഞ്ഞു ഈ വേഷം കെട്ടിച്ചു ഷോപീസ് ആക്കിയ മനുഷ്യരിലൂടെ.

ഗോത്രജനതയെ പൊതു പൗരസമൂഹത്തിന്റെ ഭാഗമായി അറിഞ്ഞംഗീകരിക്കുവാൻ വയ്യ. അതിന് പകരം അവരെ ഒരാഴ്ചക്കാലം കൗതുക ക്കാഴ്ചയാക്കി മാറ്റുന്നതിൽ ഒട്ടും ലജ്ജ തോന്നുന്നില്ലേ ഇവിടുത്തെ സാംസ്‌കാരിക ജീവികൾക്ക്? ആദിവാസികൾ എന്നാൽ ഇതുപോലെയുള്ള വേഷവിധാനവും ചില പരമ്പരാഗതകലകളും മാത്രമുള്ള ഒരു കൂട്ടർ എന്ന ഒരു ധാരണ പുറംലോകത്ത് എത്തിക്കാനല്ലേ ഇത് കൊണ്ട് കഴിയൂ?

മനുഷ്യർ പ്രദർശന വസ്തുക്കൾ ആവുന്നത് അഥവാ ആക്കുന്നത് സംസ്കാരശൂന്യതയാണ്. അവരുടെ കലയും പൈതൃകവും സംസ്കാരവും ഒക്കെ അടയാളപ്പെടുത്തേണ്ടത് പൊതു വേദികൾ നല്കികൊണ്ടടാണ്. അല്ലാതെ അവരെ മ്യൂസിയം പീസ് ആക്കിയല്ല. ആദിമം മാത്രമടങ്ങുന്നതാണോ കേരളീയ ചരിത്രവും പൈതൃകവും. എല്ലാ ജാതി ഉപജാതികൾക്കും ഈ നാട്ടിൽ അവരുടേതായ തനത് കലയും പൈതൃകവും ഒക്കെയുണ്ട്. എന്നാൽ അവരിൽ ആരെയെങ്കിലും ഇത് പോലെ വേഷം കെട്ടിച്ചു കൊണ്ട് വന്ന് പ്രദർശിപ്പിക്കാൻ നട്ടെല്ല് ഉണ്ടോ ഈ സാംസ്‌കാരിക വകുപ്പിന്? ഇല്ല!!
സ്വന്തം ജാതി,ഉപജാതി എന്നിവയുടെ ടാഗ് അണിഞ്ഞു നില്ക്കുന്ന പച്ചയായ മനുഷ്യരൂപങ്ങൾ ഏറ്റവും ദൈന്യതയുള്ള അശ്ലീല കാഴ്ച്ച മാത്രമാണ്.

ഇത് വിളിച്ചു പറയുന്നുണ്ട് കേരളത്തിനുള്ളത് മൂല്യച്യുതി സംഭവിച്ച ഒരു പുരോഗമനം മാത്രമാണ് എന്ന്. കേരളീയം എന്ന കെട്ടുകാഴ്ചയിലെ ഏറ്റവും മനുഷ്യവിരുദ്ധമായ ഈ പ്രദർശനപരത അഥവാ മനുഷ്യമ്യൂസിയം ഉറക്കെ പറയുന്നു ഇത് ഒരു സംസ്ഥാനത്തിന്റെ സാംസ്‌കാരിക അധ:പതനം!! തെറ്റ് ആണെന്നും പിഴവ് പറ്റിയെന്നും ഉള്ള ബോധം എല്ലാം കഴിഞ്ഞപ്പോൾ നാട്ടുരാജാക്കന്മാർക്ക് വന്ന് കഴിഞ്ഞു. അപ്പോൾ ഇത് വരെ ഈ അശ്ലീലതയെ വാനോളം പാടിപ്പുകഴ്ത്തിയ അടിമക്കൂട്ടമൊക്കെ മാളത്തിൽ ഒളിച്ചുവോ ആവോ???