വിസ്മയയെ കൊന്നത് അവളുടെ ചീപ് ചിന്താഗതിയുള്ള തന്ത കൂടിയാണ്, ഈ കോമണ്‍സെന്‍സ് അന്ന് കാണിച്ചിരുന്നെങ്കില്‍ പൊന്നുമോള്‍ ഇന്ന് ചിരിച്ചുക്കൊണ്ടിരുന്നേനേ; കുറിപ്പ്

കൊല്ലം:  വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് തെളിയിക്കുന്ന ഭര്‍ത്താവ്  കിരണും സഹോദരി ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. വിസ്മയയുടെ ഭര്‍ത്താവ് കിരണും കിരണിന്‍റെ സഹോദരി ഭര്‍ത്താവ് മുകേഷും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയത്. ഇതടക്കം കിരണിന്‍റെ ഫോണിന്‍റെ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറുകയാണ്.

ഇപ്പോഴിതാ വിസ്മയയുടെ പിതാവിനെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ് പറഞ്ഞ ചില വാക്കുകള്‍ വൈറലായിരുന്നു. ഈ റെക്കോര്‍ഡുകള്‍ സൂക്ഷിച്ച് വെച്ച് ആ അച്ഛനെ കൃത്യസമയത്ത് മകളെ തിരിച്ചു കൊണ്ടുവന്നെങ്കില്‍ വിസ്മയ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നേനെ എന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം….

“അത്‌ കുഴപ്പമില്ല മക്കളേ, ജീവിതം അങ്ങനെ ഒക്കെയാണ് എന്ന പറഞ്ഞ ആ മനുഷ്യനുണ്ടല്ലോ അയാളാണ് ആ പെൺകുഞ്ഞിനെ കൊലയ്ക്ക് കൊടുത്ത ഒന്നാം പ്രതി…!! മകൾ മരണപ്പെട്ടപ്പോൾ അവളുടെ നീതിക്കായി കാണിക്കുന്ന വാശിയുടെയും വീറിൻ്റെയും നൂറിലൊന്ന് അന്ന് ആ മനുഷ്യൻ കാണിച്ചിരുന്നുവെങ്കിൽ തങ്കം പോലുള്ള ആ മോൾ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനേ! ഈ കോൾ റെക്കോർഡ് ചെയ്യാൻ കാണിച്ച അതിബുദ്ധിയുടെ ആയിരത്തിലൊന്ന് കോമൺസെൻസ് അങ്ങേർ അന്ന് കാണിച്ചിരുന്നുവെങ്കിൽ ആ പൊന്നുമോൾ ഇന്ന് ചിരിച്ചുക്കൊണ്ടിരുന്നേനേ! സ്വന്തം മകൾ ചെന്നു കയറിയ ഇടം പാമ്പിൻ്റെ മാളമാണെന്നും എപ്പോൾ വേണമെങ്കിലും കൊത്താൻ കാത്തിരിക്കുന്ന മൂർഖൻ അവിടെയുണ്ടെന്നും അറിഞ്ഞിട്ട് മകളോട് ആ മാളത്തിൽ തന്നെ കഴിയാൻ പറഞ്ഞ ഹീനനായ മനുഷ്യൻ അച്ഛൻ എന്ന വാക്കിന് അർഹനല്ല.

വിസ്മയയുടെ മരണം സ്ത്രീധനത്തിന്റ -ഗാർഹിക പീഡനത്തിൻ്റെ പേരിൽ കേരളത്തിൽ നടന്ന ആദ്യത്തെ കൊലപാതകമല്ല. 1970കളിൽ കുളത്തിലും പൊട്ടകിണറുകളിലും പൊന്തികിടന്ന പെൺശരീരങ്ങൾ 1980കളിലെത്തിയപ്പോൾ ഗ്യാസ് സ്‌റ്റൗ പൊട്ടിത്തെറിച്ച് വെന്തു കരിഞ്ഞു കിടന്നിരുന്നു. 1990കളിലും രണ്ടായിരത്തിലുമൊക്കെ എത്തിയപ്പോൾ കിടപ്പുമുറികളിലെ ഫാനിൽ തൂങ്ങി നിന്നാടിയ സ്ത്രീശരീരങ്ങളായി അത് മാറിയെന്നു മാത്രം. 2020 കളിലായപ്പോൾ അത് മൂർഖൻ പാമ്പിന്റെ കൊത്തോളം എത്തി എന്ന വ്യത്യാസം മാത്രമേയുള്ളൂ. അതിനാൽ തന്നെ വിസ്മയയുടെ പേര് അവസാനത്തേതും ആവുന്നില്ല. നമ്മൾ മാറാത്തിടത്തോളം , നമ്മുടെ ചിന്താഗതി മാറാത്തിടത്തോളം പെണ്ണ് എന്നത് പുര നിറഞ്ഞു നില്ക്കുന്ന എന്തോ വലിയ സംഭവമാണെന്ന attitude മാറാത്തിടത്തോളം കെട്ടുപ്രായം കഴിഞ്ഞും വീട്ടിൽ നില്ക്കുന്ന പെണ്ണ് മഹാപരാധമാണെന്ന പൊതുബോധം മാറാത്തിടത്തോളം ഇതൊക്കെ ഇവിടെ തന്നെ മാറ്റമില്ലാതെ തുടരും .

A divorced daughter/son is better than a dead daughter/son എന്ന ആപ്ത വാക്യത്തേക്കാൾ An unmarried daughter or son is far far better than a mentally and physically tortured married daughter or son എന്ന ഉത്തമബോധ്യമാണ് നമ്മളെ ഭരിക്കേണ്ടത് . ഈ തിരിച്ചറിവ് നമ്മളിൽ ഉണ്ടാകുമ്പോൾ ഉത്രമാരെ പോലെ എന്തെങ്കിലും ചെറിയ കുറവ് ഉള്ള കുട്ടികളെ അതിന്റെ പേരിൽ ഭാരിച്ച സ്വത്ത് നല്കി സൂരജുമാരെ പോലുള്ള ക്രൂരന്മാരെ ഏല്പിക്കേണ്ട ഗതികേട് നമുക്ക് ഉണ്ടാകില്ല. വിസ്മയയെ പോലെ നല്ല പ്രൊഫഷണൽ ക്വാളിവിക്കേഷൻസ് ഉള്ള കുട്ടിയെ സ്വന്തം കാലിൽ നിന്ന ശേഷം മാത്രം മതി വിവാഹം എന്ന് ചിന്തിക്കാതെ ഒന്നര ഏക്കറും സ്വർണ്ണവും കാറും നല്കി കിരൺ എന്ന ഊളയുടെ സർക്കാർ ജോലിയും പദവിയും മാത്രം നോക്കി കെട്ടിച്ചുകൊടുക്കാനും തോന്നില്ല. മണ്ണിൽ നിന്നും ആകാശത്തേയ്ക്ക് കുതിച്ചുയരാൻ വെമ്പി നിന്നൊരു നിലാക്കീറ് പോലൊരു പെൺകിടാവിനെ നീലച്ച പാടുകളോടെ ആറടി മണ്ണിൽ നേരത്തേ ഉറക്കികിടത്താൻ കാരണമായത് കിരൺ എന്ന ഊള മാത്രമല്ല; മറിച്ച് കെട്ടിച്ചു വിട്ട മകൾ വീട്ടിൽ വന്നു നിന്നാൽ നാട്ടുകാർ എന്ത് പറയും എന്ന ചീപ്പ് ചിന്താഗതി ഉള്ള ഈ തന്ത കൂടിയാണ്.