ചിലർക്കൊന്നും ഉത്തരം നല്കേണ്ടതില്ല, കാരണം മറുപടി നല്കാനും മാത്രം അവരൊന്നുമല്ല- അഞ്ജു പാർവതി

പി.ടി. ഉഷയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ, എളമരം കരീം എം.പിയ്‌ക്കെതിരെ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവ്വതി പ്രഭീഷ്. എന്നേ കിട്ടേണ്ടിയിരുന്ന , അർഹതപ്പെട്ടിരുന്ന പദവിയാണിത്. ഇരുപത് വയസുള്ള ഒരു പെൺകുട്ടിക്ക് പി.ടി.ഉഷ, ഇന്ത്യ എന്ന മേൽവിലാസം കൊണ്ടു മാത്രം കത്തുകൾ ലഭിച്ചിരുന്നുവെങ്കിൽ അവർ ആയിരിക്കണം രാജ്യത്തിൻ്റെ പൊന്നുംവിലയുള്ള സുവർണ്ണ നക്ഷത്രമെന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം

ചിലർക്കൊന്നും ഉത്തരം നല്കേണ്ടതില്ലാത്തതാണ്; കാരണം മറുപടി നല്കാനും മാത്രം അവരൊന്നുമല്ലാത്തതിനാൽ ! പക്ഷേ ലോകരാജ്യങ്ങൾക്ക് മുമ്പിൽ എൻ്റെ രാജ്യം തല ഉയർത്തി നില്ക്കാൻ കാരണമായ ചിലരെ, അവർ സുവർണ്ണാക്ഷരങ്ങളാൽ കുറിച്ച നേട്ടങ്ങളെ ഇടയ്ക്കിടയ്ക്കെങ്കിലും ഉയർത്തിക്കാട്ടേണ്ടതുണ്ട്. ഒപ്പം ചന്ദ്രനെ നോക്കി കരയ്ക്കുന്ന നായകളുമായി ഒരു താരതമ്യ പഠനം നടത്തേണ്ടതുമുണ്ട്. 1977 ലെ കായിക മേളയിൽ ഒരു പയ്യോളിക്കാരി പെൺകുട്ടി 100 മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്തപ്പോൾ അവളുടെ പേര് ദേശീയ കായികരംഗത്ത് ശ്രദ്ധിക്കപ്പെട്ടു.അന്നവളുടെ പ്രായം കേവലം | പതിമൂന്ന്. അതായത് വെറും പതിമൂന്ന് വയസ് മാത്രം പ്രായമുള്ള ഒരു നാട്ടിൻപുറത്തുകാരി ബാലിക പി.ടി.ഉഷ എന്ന പേരിൽ ദേശീയമായി ശ്രദ്ധിക്കപ്പെട്ടുവെന്നത് അധികമാർക്കും അവകാശപ്പെടാനില്ലാത്ത അവളുടെ ആദ്യ യോഗ്യത. അപ്പോൾ ഇന്ന് ആ യോഗ്യതയ്ക്ക് മാർക്കിട്ട മനുഷ്യന് പ്രായം ഇരുപത്തിനാലിനടുത്ത്. അയാളുടെ എളമരം കരീം എന്ന പേരിലെ എളമരം എന്ന സ്ഥലനാമം മാത്രം നമുക്ക് മലയാളികൾക്ക് പരിചിതം.

1978 ലെ ദേശീയ കായിക അത്‌ലറ്റ് മീറ്റിൽ നാലു സ്വർണ്ണം നേടി കായിക മേഖലയിൽ ആ പെൺകുട്ടി രാജ്യത്തിൻ്റെ സുവർണ്ണനാമമായപ്പോൾ അയാൾ മാവൂരിലെ ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി. അപ്പോൾ പെൺകുട്ടിയുടെ പ്രായം പതിനാല് അയാളുടെ പ്രായം ഇരുപത്തിയഞ്ച്.1980 ലെ മോസ്‌ക്കോ ഒളിംപിക്‌സിൽ പങ്കെടുക്കുമ്പോൾ ആ പെൺകുട്ടിയുടെ പ്രായം കേവലം 16. എട്ടും പൊട്ടും തിരിയാത്ത ആ പ്രായത്തിൽ ഇന്ത്യയുടെ വിലാസമായി ആ പയ്യോളിക്കാരി മോസ്‌ക്കോയിലെത്തി. ഒളിമ്പിക്‌സ് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തം പേരിലെഴുതി. അപ്പോൾ ഇരുപത്തി ഏഴുകാരനായ ആ മനുഷ്യൻ മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ ഒരു കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുകയായിരുന്നു.

1984 ലെ ലോസാഞ്ചലസ് ഒളിമ്പിക്സ് ആയപ്പോൾ പി.ടി ഉഷ എന്ന പേര് അന്താരാഷ്ട്ര തലത്തിൽ മുഴങ്ങി കേട്ട ഒരു ബ്രാൻഡ് നെയിം ആയി മാറി. ഒപ്പം ഉഷ എന്ന രണ്ടക്ഷരത്തോട് മലയാള പദാവലിയിൽ ഒരു പുതിയ വാക്ക് കൂടി എഴുതി ചേർക്കപ്പെട്ടു. ആ ഒരു പുതിയ വാക്ക് ചേർത്തത് വിഖ്യാതനായ കളിയെഴുത്തുകാരൻ വി.രാജഗോപാലായിരുന്നു. സെക്കൻഡിന്റെ നൂറിലൊന്നിന് ഉഷക്ക് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നഷ്ടമായപ്പോൾ ആ തോൽവിയെ വി.രാജഗോപാൽ വിശേഷിപ്പിച്ചത് തലനാരിഴ എന്ന പദം കൊണ്ടായിരുന്നു. മൂന്നാം സ്ഥാനക്കാരിയോടൊപ്പം ഉഷയുടെ കാലുകൾ ഫിനിഷിങ് ലൈനിൽ എത്തിയെങ്കിലും നെഞ്ച് മുന്നോട്ടായുന്നതിലുളള പരിചയക്കുറവ് ഒളിംപിക് മെഡൽ നേട്ടം സ്വപ്നമായി അവശേഷിക്കാൻ ഇടയാക്കി. എങ്കിലും മുപ്പത്തിയെട്ട് വർഷത്തിനിപ്പുറവും അന്ന് പി.ടി ഉഷ സ്ഥാപിച്ച 55.42 സെക്കന്റിന്റെ റെക്കോർഡ് ആരും തകർത്തിട്ടില്ല.!

1986 ലെ സോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആകെ കിട്ടിയത് അഞ്ചു സ്വർണം. അതിൽ നാലും നേടിയത് പി.ടി ഉഷ എന്ന പയ്യോളി എക്സ്പ്രസ്സ്. 1984 ൽ രാജ്യം അർജുന അവാർഡ് നല്കി ആദരിച്ച പെൺകുട്ടി തൻ്റെ ഇരുപത്തൊന്നാമത്തെ വയസ്സിൽ രാജ്യത്തിൻ്റെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നായ പത്മശ്രീ 1985 ൽ നേടി.1985,1986,1987,1989 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല കായികതാരത്തിനുള്ള ഇന്ത്യാസർക്കാരിന്റെ പുരസ്കാരം ലഭിച്ചത് ഈ പെൺകുട്ടിക്ക്.

അവർ രാജ്യത്തിൻ്റെ അഭിമാനമായി ഓടിത്തുടങ്ങിയതിൻ്റെ, പത്തൊമ്പതാമത്തെ ആണ്ടിൽ മാത്രം കേരളത്തിലെ ചിലർക്ക് മാത്രം പരിചിതമായ ഒരു പേര് എളമരം കരീം. ലോക കായിക ഭൂപടത്തിൽ ഉഷയുടെ പേര് സുവർണ്ണാക്ഷരങ്ങളാൽ എഴുതപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞ ശേഷം മാത്രം മലയാളികൾ കേട്ടു തുടങ്ങിയ പേര് എളമരം കരീം ! ഉഷ എന്ന അന്താരാഷ്ട്ര ബ്രാൻഡ് നെയിമിൻ്റെ പേര് ഉച്ചരിക്കാൻ പോലുമുള്ള യോഗ്യത ഇല്ലാത്ത ഒരുവൻ്റെ ജല്പനമായിട്ട് എള ട്രീ യുടെ പരാമർശത്തെ കാണുന്നു.

അക്കമിട്ട് നിരത്തിയാൽ തീരുന്നതല്ല അവരുടെ കായിക നേട്ടങ്ങൾ ! പറഞ്ഞാലും എഴുതിയാലും തീരുന്നതല്ല അവർ രാജ്യത്തിനു നല്കിയ സംഭാവനകൾ .എത്രയൊക്കെ കൈകൂപ്പി ആദരിച്ചാലും ഒടുങ്ങുന്നതല്ല ഓരോ ഇന്ത്യക്കാരനും അവർ കാരണം ലഭിച്ച അഭിമാനം; രോമാഞ്ചം. 1977 മുതൽ 1987 വരെയുള്ള കാലയളവിനുള്ളിൽ അതായത് പതിമൂന്ന് വയസ്സ് മുതൽ ഇരുപത്തിമൂന്ന് വയസ്സിനിടയ്ക്ക് ഒരു മലയാളി പെൺകുട്ടി ഒരു രാജ്യത്തിൻ്റെ മൊത്തം ആദരവും സ്നേഹവും നേടിയെടുക്കുക മാത്രമല്ല ചെയ്തത് മറിച്ച് നമ്മുടെ ദേശീയപതാക ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ അഭിമാന പുരസരം പാറിക്കാൻ ഹേതുവായി. പി.ടി ഉഷ, ഇന്ത്യ എന്ന മേൽവിലാസത്തിൽ എഴുതപ്പെടുന്ന കത്തുകൾ നേരെ പയ്യോളിയിൽ എത്തുന്ന തരം ബ്രാൻഡ് നെയിമായി. അന്നും ഇന്നും എന്നും ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഒരേ ഒരു ഉഷ മാത്രം! അന്നും ഇന്നും എന്നും ഇന്ത്യയ്ക്ക് ഒരേ ഒരു ഗോൾഡൻ ഗേൾ മാത്രം. നിയുക്ത രാജ്യസഭാ എം.പി ശ്രീമതി പി.ടി ഉഷ ചേച്ചിക്ക് അഭിനന്ദനങ്ങൾ. എന്നേ കിട്ടേണ്ടിയിരുന്ന , അർഹതപ്പെട്ടിരുന്ന പദവിയാണിത്. ഇരുപത് വയസുള്ള ഒരു പെൺകുട്ടിക്ക് പി.ടി.ഉഷ, ഇന്ത്യ എന്ന മേൽവിലാസം കൊണ്ടു മാത്രം കത്തുകൾ ലഭിച്ചിരുന്നുവെങ്കിൽ അവർ ആയിരിക്കണം രാജ്യത്തിൻ്റെ പൊന്നുംവിലയുള്ള സുവർണ്ണ നക്ഷത്രം.