‘മോശയുടെ അംശവടി വാക്കിംഗ് സ്റ്റിക്ക്, കൃഷ്ണന്റെ ഉറിക്ക് 2000 രൂപ, നബിയുടെ വിളക്ക് മണ്‍വിളക്ക്; മോന്‍സന് പുരാവസ്തു നല്‍കിയ സന്തോഷിന്റെ വെളിപ്പെടുത്തല്‍

മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി പുരാവസ്തുവല്ലെന്ന് മോന്‍സന് പുരാവസ്തുക്കള്‍ നല്‍കിയ സന്തോഷിന്റെ വെളിപ്പെടുത്തല്‍. വെറും നാല്‍പ്പത് മുതല്‍ അമ്പത് വര്‍ഷം മാത്രം പഴക്കമുള്ള വാക്കിംഗ് സ്റ്റിക്കാണ് താന്‍ മോന്‍സന് വിറ്റതെന്നും ഇതാണ് പിന്നീട് മോശയുടെ അംശവടിയാണെന്ന് മോന്‍സന്‍ പ്രചരിപ്പിച്ചതെന്നും സന്തോഷ് പറഞ്ഞു.

കാലപ്പഴക്കം പറഞ്ഞുതന്നെയാണ് ഓരോ വസ്തുക്കളും മോന്‍സന് നല്‍കിയതെന്നും ഊന്നുവടി എന്ന് പറഞ്ഞുതന്നെയാണ് ആ വടി കൊടുത്തതെന്നും സന്തോഷ് വ്യക്തമാക്കി. പുരവസ്തുക്കള്‍ കളക്ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് വസ്തുക്കള്‍ നല്‍കുകയും ചെയ്യുന്നയാളാണ് താനെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

മോന്‍സന്റെ കയ്യിലുള്ള പുരാവസ്തുക്കളില്‍ ഭൂരിഭാഗവും സന്തോഷിന്റെ പക്കല്‍ നിന്നും വാങ്ങിയതാണ്. എന്നാല്‍ ഇതിന് ഒരു രൂപ പോലും തനിക്ക് കിട്ടിയിട്ടില്ലെന്നുമാണ് സന്തോഷ് പറയുന്നത്. ഖത്തര്‍ ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ വരാറുണ്ട് എന്ന് പറയുമ്പോള്‍ സാധനങ്ങള്‍ കൊണ്ടുകൊടുക്കും, പക്ഷേ വിറ്റതായി അറിയില്ല.

ത്രേതായുഗത്തില്‍ കൃഷ്ണന്‍ വെണ്ണ കട്ടുതിന്ന് സ്ഥിരമായി ഉറി പൊട്ടിച്ചിരുന്നതിനാല്‍ അമ്മ യശോദ മരംകൊണ്ട് നിര്‍മ്മിച്ചതെന്ന് മോന്‍സന്‍ അവകാശപ്പെട്ട ഉറിയും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇത് ഒരു പഴയ വീട്ടില്‍ തൈരും വെണ്ണയും ഇട്ടുവയ്ക്കുന്ന അറുപത് വര്‍ഷം പഴക്കം മാത്രമുള്ളതാണെന്നും താന്‍ തന്നെയാണ് അതും മോന്‍സന് നല്‍കിയതെന്നും സന്തോഷ് പറഞ്ഞു. 2000 രൂപയ്ക്കാണ് ഈ ഉറി നില്‍പ്പന നടത്തിയത്. സാധാരണ ഉറിയാണെന്ന് പറഞ്ഞുതന്നെയാണ് വിറ്റതെന്നും സന്തോഷ് പറഞ്ഞു.

തന്റെ പക്കല്‍ നിന്ന് വാങ്ങിയ സാധനങ്ങളൊന്നും മോന്‍സന്‍ വിറ്റതായി അറിവില്ല. എല്ലാം സാധനങ്ങളും അവിടെത്തന്നെയുണ്ട്. സാധനങ്ങള്‍ കാണിച്ച് പലരില്‍നിന്നായി പൈസ വാങ്ങിയതായാണ് അറിയാന്‍ കഴിഞ്ഞത്. യൂട്യൂബ് വീഡിയോയില്‍ മോശയുടേതെന്നും കൃഷ്ണന്റേതെന്നുമെല്ലാം പറഞ്ഞ് സാധനങ്ങള്‍ പരിചയപ്പെടുത്തുന്നത് കണ്ടപ്പോള്‍ അന്വേഷിച്ചെന്നും തട്ടിപ്പിന് വേണ്ടിയാണോ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ കൌതുകത്തിന് വേണ്ടിയാണ് അങ്ങനെ പറയുന്നതെന്നായിരുന്നു മോന്‍സന്റെ മറുപടി. അപ്പോഴേ ആളുകള്‍ കൌതുകത്തോടെ ഇതെല്ലാം കാണാന്‍ വീട്ടിലെത്തൂ എന്നും മോന്‍സന്‍ പറഞ്ഞതായി സന്തോഷ് വ്യക്തമാക്കി.

നബിയുടെ വിളക്കെന്ന് പറഞ്ഞത് ജൂതര്‍ ഉപയോഗിച്ചിരുന്ന മണ്‍വിളക്കാണ്. വിളക്കിന് പരമാവധി 100 കൊല്ലം പഴക്കമുണ്ട്. 78 ശതമാനം വസ്തുക്കളും താന്‍ നല്‍കിയതാണ്. ആനക്കൊമ്പുകളും വ്യാജമാണ്. തടിയിലോ മറ്റോ നിര്‍മ്മിച്ച വസ്തുവാണ് വ്യാജ ആനക്കൊമ്പെന്നും സന്തോഷ് പറയുന്നു.

പുരാവസ്തുക്കളുടെ മറവില്‍ മോന്‍സന്‍ മാവുങ്കല്‍ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുളള പുരാവസ്തുക്കളുടെ വില്‍പ്പനക്കാരന്‍ എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. യു എ ഇ രാജകുടുംബാംഗങ്ങള്‍ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

ബ്രൂണൈ സുല്‍ത്താനുമായും യു ഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വില്‍പ്പന നടത്തിയെന്നും ഇടപാടില്‍ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി കിട്ടിയെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എച്ച് എസ് ബി സി ബാങ്കില്‍ നിന്ന് പണം വിട്ടുകിട്ടാന്‍ ചില തടസങ്ങളുണ്ടെന്നും അതിനാല്‍ താല്‍ക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാള്‍ പലരില്‍ നിന്നായി പത്തുകോടിയിലേറെ രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. ഇതിനായി ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകളാണ് പുറത്ത് വന്നത്. ഈ രേഖകളും ഉന്നത ബന്ധങ്ങളും ഉപയോഗിച്ചാണ് മോന്‍സന്‍ തട്ടിപ്പ് നടത്തിയത്.

ആഡംബര കാറുകള്‍ വാങ്ങിയും മോന്‍സന്‍ തട്ടിപ്പ് നടത്തി. എട്ട് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചെന്ന് ബെംഗളൂരുവിലെ വ്യവസായി ത്യാഗരാജന്‍ ആരോപിക്കുന്നു. ഒരു രൂപ പോലും മോന്‍സന്‍ തനിക്ക് നല്‍കിയില്ല. മോന്‍സന്റെ പുറം മോടിയില്‍ വീണുപോയെന്നും ത്യാ?ഗരാജന്‍ പറഞ്ഞു. ബെഗളൂരു പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ത്യാഗരാജന്‍.

പരാതിക്കാരെ വിരട്ടാനും തട്ടിപ്പ് നടത്താനും മോന്‍സന്‍ മാവുങ്കല്‍ മുഖ്യമന്ത്രിയുടെ പേരും ദുരുപയോഗം ചെയ്തിരുന്നു. കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തുമെന്ന് മോന്‍സന്‍ മാവുങ്കല്‍ പരാതിക്കാരനായ അനൂപിനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നു. മോന്‍സന്‍ മാവുങ്കിലിന്റെ വീടുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ നിര്‍ദ്ദേശിച്ചത് മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റ ആണെന്നതിന്റെ രേഖകളും പുറത്തുവന്നിരിക്കയാണ്.

അവിശ്വസനീയമായ കഥകള്‍ മെനഞ്ഞാണ് നിക്ഷേപകരെയും പരാതിക്കാരെയും മോന്‍സന്‍ തട്ടിച്ചിരുന്നതെന്നാണ് പുറത്ത് വന്ന ഓരോ സംഭാഷണങ്ങളിലും നിന്നും വ്യക്തമാകുന്നത്. സ്വര്‍ണം കൊണ്ടുള്ള അമൂല്യശേഖരം സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചുവെന്നും സംരക്ഷണം വിലയിരുത്താന്‍ മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്നെ നേരിട്ടെത്തുമെന്നും അവര്‍ക്കായി വലിയ പാര്‍ട്ടിയൊരുക്കണമെന്നും മോന്‍സ് പറയുന്നു. പരാതിക്കാരന്‍ അനുപിനോടുള്ള സംഭാഷണത്തിലാണ് മോണ്‍സണ്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

ദില്ലയിലെ സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശശിതരൂര്‍ ഇടപെടുന്നുണ്ടെന്നും പരാതിക്കാരനോട് പറയുന്നുണ്ട്. ലോക് നാഥ് ബെഹ്റ നിരവധി പ്രാവശ്യം മോന്‍സന്റെ ആതിഥേയഥ്യം സ്വീകരിച്ചിച്ചതിനും അടുപ്പമുള്ളതിനുമുള്ള കൂടുതല്‍ തെളിവുകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.

മോന്‍സനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഇന്റെലജന്‍സ് മേധാവിയോട് ആവശ്യപ്പെട്ട ലോക് നാഥ് ബെഹ്റ തന്നെയാണ് മോന്‍സന്റെ കൊച്ചിയിലെയും ചേര്‍ത്തലയിലെ വീടുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയത്. സംശയത്തിന്റെ നിഴയില്‍ നില്‍ക്കുമ്പോഴാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുതിയ പൊലീസ് മേധാവിയെയും മോന്‍സന്‍ സന്ദര്‍ശിച്ചു. ഉന്നതങ്ങളിലേക്ക മോന്‍സന് തുണയായ കണ്ണികളാണെന്നാണ് ഇനി പുറത്തുവരേണ്ടത്.