നൗഷാദിന് പിന്നാലെ തൃശൂര്‍ക്കാരനായ ആന്റോയും കെട്ടുകണക്കിന് വസ്ത്രങ്ങള്‍ പ്രളയബാധിതര്‍ക്ക് നല്‍കി

പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് തന്റെ കടയിലെ വസ്ത്രങ്ങള്‍ മുഴുവനും നല്കിയ എറണാകുളം സ്വദേശി നൗഷാദിനെ പോലെ കേരളത്തിന് മാതൃകയായി ഒരു തൃശ്ശൂര്‍കാരനും. ചാലക്കുടി മാര്‍ക്കറ്റിലെ ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍ നിന്ന് നിരവധി വസ്ത്രങ്ങള്‍ നല്‍കിയത്.

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് കടയിലെത്തിയ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് കമ്മറ്റിയുടെ സംഘത്തിനാണ് ആന്റോ വസ്ത്രങ്ങള്‍ നല്‍കിയത്. ഒരു മടിയും കൂടാതെ വസ്ത്രങ്ങള്‍ എടുത്ത് നല്‍കുന്ന ആന്റോയുടെ വീഡിയോ സംഘത്തിലുണ്ടായിരുന്നവരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

എറണാകുളം ബ്രോഡ് വേയില്‍ പ്രളയബാധിതര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുവന്നവര്‍ക്ക് കെട്ടുകണക്കിന് വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായ ആന്റോ എന്ന നല്ല മനുഷ്യനെ പുറംലോകം അറിയുന്നത്.