യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും

രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, കൊവിഡ് എന്നീ വിഷയങ്ങൾക്കൊപ്പം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്യും എന്നാണ് വിവരം. പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നു കാര്യത്തിലും ഇരുവരും തമ്മിൽ ചർച്ച നടത്തും.

അതേസമയം പെഗസിസ് ഫോൺ ചോർത്തൽ വിവാദം ആളിപ്പടരുന്നതിനിടെ വിഷയം ഇന്ത്യൻ സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്ന് അമേരിക്ക സൂചിപ്പിച്ചിരുന്നു. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് യുഎസ് വിദേശകാര്യ സെക്രട്ടറി ആരായും എന്നാണ് സൂചന.

സന്ദർശനത്തിനിടയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും യുഎസ് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തുകയും നയപരമായ കാര്യങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും.