പര്‍ദ്ദ ധരിച്ചേ പുറത്തിറങ്ങാറുള്ളൂ, ആരും ഞാന്‍ കാരണം ബുദ്ധിമുട്ടരുത്, അനുമോള്‍ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനുമോള്‍. സീരിയലുകളില്‍ തിളങ്ങിയ നടി പിന്നീട് സ്റ്റാര്‍ മാജിക് ഷോയിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു. തങ്കച്ചനുമായുള്ള അനുവിന്റെ ഓണ്‍സ്‌ക്രീന്‍ പ്രണയവും നിഷ്‌കളങ്കമായ സംസാരവും ചിരിയുമൊക്കെ അനുവിന് നിരവധി ആരാധകരെ നേടി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ആരാധകന് സര്‍പ്രൈസ് നല്‍കിയ അനുഭവത്തെ കുറിച്ച് നടി പറഞ്ഞു. മാത്രമല്ല പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ സ്‌നേഹമറിയിച്ച് എത്തുന്നതിനെ കുറിച്ചും അനുമോള്‍ മനസ് തുറന്നു.

അനുമോളുടെ വാക്കുകള്‍ ഇങ്ങനെ, ‘ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിച്ച് മാത്രമെ ഇറങ്ങാറുള്ളു…. എനിക്ക് മാളുകളില്‍ പോയാല്‍ എല്ലാ കടകളിലും കയറി ഇറങ്ങണം. ഞാന്‍ ഇങ്ങനെ കയറി ഇറങ്ങുന്നത് കാണുമ്പോള്‍ ആര്‍ട്ടിസ്റ്റായകൊണ്ട് ആളുകള്‍ വിചാരിക്കരുതല്ലോ.. ഞാന്‍ എന്താണിങ്ങനെ എല്ലായിടത്തും കയറി ഇറങ്ങുന്നതെന്ന്. പിന്നെ ശരീരം ടാന്‍ ആകാതിരിക്കാന്‍ കൂടി വേണ്ടിയാണ് എന്നത് മറ്റൊരു സത്യം. ചിലപ്പോള്‍ നമ്മള്‍ പുറത്ത് പോകുമ്പോള്‍ ആളുകള്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഓടി വരും അപ്പോള്‍ ചെറിയ ആള്‍ക്കൂട്ടം ഉണ്ടാകും. കൂടി നില്‍ക്കുന്നവരെല്ലാം സ്‌നേഹം കൊണ്ട് വന്നവരാണെങ്കിലും പരിസരത്തുള്ള മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി ചേട്ടന്മാര്‍ക്കും അത് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് പരമാവധി അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാറുണ്ട്.’

‘ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ പോലും പര്‍ദ്ദ ധരിക്കാറുണ്ട്. ഒരിക്കല്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ സ്റ്റാര്‍ മാജിക്കിലെ ഒരു വൈറല്‍ വീഡിയോ അപ്പുറത്തിരുന്ന ചേട്ടന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഞാന്‍ പര്‍ദ്ദ ധരിച്ചിരുന്നകിനാല്‍ എന്നെ മനസിലായില്ല. വീഡിയോ കണ്ട് ചേട്ടന്‍ പൊട്ടിച്ചിരിക്കുന്നത് കണ്ട് എനിക്ക് സന്തോഷം അടക്കാനായില്ല. അപ്പോള്‍ ഞാന്‍ മുഖത്തെ തുണി മാറ്റി ഞാന്‍ തന്നെയാണ് വീഡിയോയിലുള്ളതെന്ന് പറഞ്ഞു. ആദ്യം ആ ചേട്ടന്‍ വിശ്വസിച്ചില്ലെങ്കിലും ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ചേട്ടന്‍ അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു. ആ ചേട്ടന് എന്നെ നേരിട്ട് കണ്ടപ്പോഴുള്ള സന്തോഷം കണ്ട് എനിക്ക് സങ്കടം വന്നു. ചില ചേച്ചിമാരൊക്കെ വന്ന് കെട്ടിപിടിക്കുകയും വീട്ടിലെ ഒരു അംഗത്തെപ്പോലെ സംസാരിക്കുകയുമെല്ലാം ചെയ്യാറുണ്ട്.’