ആ പാട്ട് ഭയങ്കര യൂണീക്കാണ്, നഞ്ചിയമ്മക്ക് അല്ലാതെ ആ പാട്ട് മറ്റാര്‍ക്കും പാടാന്‍ കഴിയില്ല: അപര്‍ണ ബാലമുരളി aparna balamurali nanchiyamma

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായികക്കുള്ള അവാര്‍ഡ് ലഭിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അപര്‍ണ ബാലമുരളി. ആ പാട്ട് യൂണിക്കാണെന്നും നഞ്ചിയമ്മയ്ക്കല്ലാതെ വേറെ ആര്‍ക്കും പാടാന്‍ കഴിയില്ലെന്നും അപര്‍ണ പറഞ്ഞു.’ആ പാട്ട് ഭയങ്കര യൂണീക്കാണ്. വെറുതെ ഇരുന്ന് അത് പാടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മനസ്സില്‍ നിന്നും പാടേണ്ട പാട്ടാണത്. നഞ്ചിയമ്മ ഒരു ഗായിക അല്ലാത്തതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആ കഴിവാണ് സച്ചി സാര്‍ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുവന്നത്. ആ പാട്ട് എന്തുകൊണ്ടും വളരെ പെര്‍ഫക്ടാണ്. അതിനുവേണ്ട ശബ്ദം തന്നെയാണ് നഞ്ചിയമ്മയുടേത്. അതുകൊണ്ടുതന്നെ നഞ്ചിയമ്മ പുരസ്‌കാരത്തിന് അര്‍ഹയാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്’ എന്നായിരുന്നു അപര്‍ണയുടെ പ്രതികരണം.

നഞ്ചിയമ്മയെ മികച്ച ഗായികയായി തിരഞ്ഞെടുത്തതിന് പിന്നാലെ സംഗീതഞ്ജന്‍ ലിനു ലാലാണ് വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേ എന്നുമായിരുന്നു ലിനു ലാലിന്റെ വിമര്‍ശനം.

അതേസമയം, അവാർഡ് വിവാദത്തില്‍ പ്രതികരണവുമായി അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ തന്നെ രംഗത്ത് എത്തിയിരുന്നു. ‘ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല’ എന്നാണ് നഞ്ചിയമ്മ പറഞ്ഞത്.