യോദ്ധ സിനിമമുതല്‍ താനൊരു മോഹന്‍ലാല്‍ ആരാധകനാണ് : എ.ആര്‍.റഹ്മാന്‍

ആറാട്ട് സിനിമയുടെ രചയിതാവായ ഉദയ കൃഷ്ണയുടെ ആഗ്രഹമായിരുന്നു റഹ്‌മാനെ ചിത്രത്തില്‍ അഭിനയിപ്പിക്കണമെന്നത്. അതേസമയം റഹ്‌മാന്‍ വരാം എന്ന് സമ്മതിക്കുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റെ റഫറെന്‍സ് വെച്ചു കൊണ്ട് ചിത്രം ഷൂട്ട് ചെയ്തു തുടങ്ങിയിരുന്നു എന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. എന്നാല്‍ ആദ്യമൊന്നും അദ്ദേഹത്തിന് സമ്മതമായിരുന്നില്ല. സിനിമകളില്‍ അഭിനയിക്കാനുള്ള താല്‍പര്യക്കുറവായിരുന്നു കാരണം.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രമാണ് ആറാട്ട്. കോവിഡ് പ്രതിസന്ധികള്‍ അവസാനിച്ച ശേഷം ഈ ചിത്രം തീയേറ്റര്‍ റിലീസ് ആയിത്തന്നെ എത്തുമെന്നും മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍ വന്നതിനു ശേഷം മാത്രമേ ആറാട്ട് എത്തുകയുള്ളൂ എന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയിലെ സംഗീത വിസ്മയം എ ആര്‍ റഹ്‌മാനും അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

താനൊരു മോഹന്‍ലാല്‍ ആരാധകനായതുകൊണ്ടാണ് അഭിനയിക്കാന്‍ സമ്മതിച്ചതെന്നാണ് എ ആര്‍ റഹ്‌മാന്‍ തങ്ങളോട് പറഞ്ഞതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്വതന്ത്ര സംഗീത സംവിധായകന്‍ ആവുന്നതിനു മുന്‍പേ താന്‍ ഒട്ടേറെ മലയാള ചിത്രങ്ങളുടെ പശ്ചാത്തല സംഗീത വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട് എന്നും അതുപോലെ മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ യോദ്ധയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ എന്നതും അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നു.

അന്ന് മുതലേ മോഹന്‍ലാലിനോട് വലിയ ആരാധനയാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, തന്റെ പിതാവിന് മലയാള സിനിമയോടുള്ള ആത്മബന്ധവും അദ്ദേഹം ഓര്‍ത്തെടുത്തു. അങ്ങനെയാണ് എ ആര്‍ റഹ്‌മാന്‍ ഈ ചിത്രത്തിന്റെ ഭാഗമായത് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തല്‍.