പാപമോചനവും സമാധാനവും സ്‌നേഹവും തേടി; ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലെത്തി എ.ആര്‍ റഹ്‍മാന്‍

ഓസ്കര്‍ പുരസ്കാര ജേതാവും സംഗീത സംവിധായകനുമായ എ.ആര്‍ റഹ്‍മാന്‍ ഉംറ നിര്‍വ്വഹിക്കാനായി മക്കയിലെത്തി. മക്കളായ റഹീമ റഹ്‍മാന്‍, എ.ആര്‍ അമീന്‍ എന്നിവരും എ.ആര്‍ റഹ്‍മാന്‍റെ കൂടെ ഉംറ നിര്‍വ്വഹിക്കാനെത്തി.

“പാപമോചനവും സമാധാനവും ഉപാധികളില്ലാത്ത സ്നേഹവും തേടി ആദമിന്‍റെയും ഹവ്വയുടെയും മക്കള്‍” എന്ന വിശേഷണത്തോടെ മക്കയില്‍ വിശ്വാസികള്‍ കഅ്ബക്ക് ചുറ്റും വലം വെയ്ക്കുന്ന ദൃശ്യങ്ങള്‍ എ.ആര്‍ റഹ്‍മാന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി പങ്കുവെച്ചു. എ.ആര്‍ റഹ്‍മാന്‍റെ ‘കുന്‍ ഫയകുന്‍…’ എന്ന ഹിറ്റ് ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് മക്കയിലെ ഹറം പള്ളിയിലെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

മക്കയിലെ അല്‍ മര്‍വ്വ റയ്ഹാന്‍ ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് ഹക്കീമുല്‍ ഇസ്‍ലാമുമൊത്തുള്ള സെല്‍ഫി ചിത്രവും എ.ആര്‍ റഹ്‍മാന്‍റേതായി പുറത്തുവന്നിട്ടുണ്ട്. ഹക്കീമുല്‍ ഇസ്‍ലാം തന്നെയാണ് തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് വഴി ചിത്രം പുറത്തുവിട്ടത്. എ.ആര്‍ റഹ്‍മാന്‍റെ ഉംറ ദൈവം സ്വീകരിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 1989ലാണ് എ.ആര്‍ റഹ്‍മാനും കുടുംബവും ഇസ്‍ലാം സ്വീകരിക്കുന്നത്. 2004ല്‍ ആദ്യമായി എ.ആര്‍ റഹ്‍മാന്‍ ഹജ്ജ് നിര്‍വ്വഹിച്ചു. 2006ല്‍ എ.ആര്‍ റഹ്‍മാനും മാതാവ് കരീമയും രണ്ടാം തവണ ഹജ്ജ് നിര്‍വ്വഹിച്ചു.