അരിക്കൊമ്പന്‍ ദൗത്യം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വീണ്ടും ആരംഭിക്കും

ഇടുക്കി. അരിക്കൊമ്പന്‍ ദൗത്യം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പുനരാരംഭിക്കുമെന്ന് ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ്. അതേസമയം നാളെ അരിക്കൊമ്പനെ പിടിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ഞയറാഴ്ചയും തുടരുവനാണ് തീരുമാനം. എന്നാല്‍ അരിക്കൊമ്പന് ഇതുവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ട്രാക്കിങ് സംഘം പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പനെ കണ്ടെത്തുവാന്‍ നിരീക്ഷണം നടത്തുവനാണ് തീരുമാനം.

അതേസമയം അരിക്കൊമ്പനെ പിടിക്കുവാന്‍ വെള്ളിയാഴ്ച നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. അരിക്കൊമ്പനെ കണ്ടെത്തുവാന്‍ സാധിക്കാത്തതായിരുന്നു കാരണം. അരിക്കൊമ്പനെ കണ്ടെത്തുവാന്‍ കൂടുതല്‍ പേരടങ്ങിയ സംഘം തിരിച്ചില്‍ നടത്തുവാന്‍ എത്തിയെങ്കിലും കണ്ടെത്തുവാന്‍ സാധിച്ചില്ല. അരിക്കൊമ്പന്‍ ഉറക്കത്തിലാണെന്ന നിഗമനത്തിലാണ് വനം വകുപ്പ്. അതേസമയം രാവിലെ മുതല്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ചക്കക്കൊമ്പന്റെതാണെന്നാണ് വനം വകുപ്പ് പറയുന്നത്.

ആദ്യം പുറത്ത് വന്നത് കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പന്‍ നില്‍ക്കുന്നുവെന്നായിരുന്നു. എന്നാല്‍ ഇത് ചക്കക്കൊമ്പനാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. ഈ മേഖലയില്‍ പ്രധാനപ്പെട്ട എല്ലാ ആനകളെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ മാത്രം കണ്ടെത്തുവാന്‍ വനംവകുപ്പിന് സാധിച്ചില്ല. 301 കോളനിക്ക് സമീപത്തെ വനപ്രദേശത്ത് ഇന്നലെ വരെ അരിക്കൊമ്പനെ കണ്ടിരുന്നു.