കെ.ടി.ജലീല്‍ ക്രൈസ്തവ വിരോധി, തീവ്രവാദ വേരുകളുള്ളയാൾ, LDFനും UDFനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ട് – ഇരിങ്ങാലക്കുട രൂപത

തൃശൂര്‍ . എല്‍ഡിഎഫിനും യുഡിഎഫിനും കേരളത്തില്‍ തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് സീറോ മലബാര്‍ സഭ ഇരിങ്ങാലക്കുട രൂപത. രൂപതാ മുഖപത്രമായ ‘കേരളസഭ’യുടെ ഏപ്രില്‍ ലക്കത്തിലാണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്. കെ.ടി. ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുള്ളയാളുമാണ്. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ.ടി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു.

എല്‍ഡിഎഫിലും യുഡിഎഫിലും നുഴഞ്ഞുകയറിയിട്ടുള്ള ജലീലിനെ പോലുള്ള തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരെ കയറൂരിവിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ല. ‘കാണുന്നുണ്ട് കേരളം, ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ‘കക്കുകളി’ തീവ്ര ഇസ്ലാമിക കൂട്ടുകെട്ട്’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കര്‍ഷകരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ ശേഷം അവരെ വഞ്ചിക്കുന്ന ഇടതു – വലത് മുന്നണികളുടെ നടപടികള്‍ക്കെതിരെയാണ് ബിഷപ്പ് പാംപ്ലാനി പറഞ്ഞത്.

റബറിന് 300 രൂപ നല്‍കുന്ന പാര്‍ട്ടി ഏതായാലും അവരെ കര്‍ഷകര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് കര്‍ഷക സംഗമത്തില്‍ ബിഷപ്പ് പറഞ്ഞതാണ് ഇടതുമുന്നണിയെ വിറളിപിടിപ്പിച്ചത്. തങ്ങള്‍ പതിറ്റാണ്ടുകളായി കര്‍ഷകരോട് ചെയ്തുപോരുന്ന കൊടുംവഞ്ചനയെ ന്യായീകരിക്കാന്‍ പല തന്ത്രങ്ങളും മാധ്യമങ്ങളിലൂടെ പയറ്റിനോക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എം.എ. ബേബി എന്നിവര്‍ ബിഷപ്പിന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തെങ്കിലും പൊതുസമൂഹത്തിന് മുമ്പില്‍ വിലപ്പോയില്ല. അപ്പോഴാണ് കടുത്ത ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുമുള്ള ജലീല്‍ രംഗത്ത് വരുന്നത്. ‘300 രൂപ അനുവദിച്ചാല്‍ അതു വാങ്ങാന്‍ ബിഷപ്പിന്റെ ഉടലില്‍ തല വേണമല്ലോയെന്നാണ് ജലീലിന്റെ ഭീഷണിയും വെല്ലുവിളിയും’. ലേഖനത്തിൽ പറഞ്ഞിരിക്കുന്നു.

തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിലുള്‍പ്പെട്ട, ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണി മുഴക്കിയ, നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിന്റെ വധഭീഷണിക്കെതിരെ കേസെടുക്കേണ്ടതാണ്. സ്വര്‍ണക്കടത്ത്, കള്ളക്കടത്ത്, ന്യൂനപക്ഷാവകാശ തട്ടിപ്പ്, സ്വജനപക്ഷപാതം തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങള്‍ നേരിടുകയും അഴിമതിയുടെ പേരില്‍ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്ത ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരനായ ജലീലിനെ ഇടതുമുന്നണി സംരക്ഷിക്കുന്നു. മുസ്ലിം വിഭാഗത്തിന്റെ വോട്ട് അതിജീവനത്തിന് അത്യന്താപേക്ഷിതമായ യുഡിഎഫും ജലീലിനെതിരെ മിണ്ടിയിട്ടില്ല. കച്ചവടക്കണ്ണുള്ള മാധ്യമങ്ങളും നിശബ്ദത പാലിക്കുകയാണ്. ലേഖനത്തിൽ വിമര്‍ശിക്കുന്നു.