സ്വർണക്കടത്ത്: 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം അർജുൻ ആയങ്കി അറസ്റ്റിൽ

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അര്‍ജുന്‍ ആയങ്കിക്ക് കേസില്‍ നേരിട്ട് പങ്കെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കസ്റ്റംസ് നോട്ടീസ് പതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന അര്‍ജുന്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ അഭിഭാഷകര്‍ക്കൊപ്പം ഹാജരായത്. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും എത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണകള്ളക്കടത്ത് നടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുമുള്ള തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. പിടിയിലായ മുഹമ്മദ് ഷെഫീക്കിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ജുന്‍ ആയങ്കിയുടെ കുരുക്ക് കസ്റ്റംസ് മുറുക്കുകയായിരുന്നു.

എത്ര തവണ എത്ര അളവില്‍ സ്വര്‍ണം തട്ടിയെടുത്തു, സംഘത്തില്‍ ആയങ്കിയെ കൂടാതെ മറ്റ് ആര്‍ക്കൊക്കെ പങ്കുണ്ടെന്ന ചോദ്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അര്‍ജുനില്‍ നിന്നും തേടിയത്. കേസില്‍ അറസ്റ്റിലായ മുഹമ്മദി ഷെഫീക്കിനെയും അര്‍ജുനെയും ഒരുമിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. അര്‍ജുന്‍ ഇരുപതോളം തവണ കളളക്കടത്ത് സ്വര്‍ണം അര്‍ജുന്‍ തട്ടിയെടുത്തെന്നതിലും വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. തട്ടിയെടുത്ത സ്വര്‍ണ്ണം അര്‍ജുന്‍ ആയങ്കി സഹകരണ ബാങ്കിലെ സ്വര്‍ണ പരിശോധകരുടെ സഹായത്തോടെ കൈമാറ്റം ചെയ്തതായാണ് വിവരം. അര്‍ജുന്‍ തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഇതിനായി ഉപയോഗിച്ചുവെന്നും കസ്റ്റംസ് പറയുന്നു.

അതേസമയം, കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ണ്ണക്കടത്തിന്റെ ഉറവിടം സംബന്ധിച്ച പരിശോധന തുടരുകയാണെന്നും മുഹമ്മദ് ഷെഫീക്കിന്റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. അര്‍ജുന്‍ ആയങ്കിയില്‍ നിന്ന് മലബാര്‍ മേഖലയിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ കുറിച്ചും നിക്ഷേപകരെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.