കസ്റ്റംസിന് തിരിച്ചടി, അര്‍ജുന്റെ കസ്റ്റഡി അപേക്ഷ തള്ളി; ഷഫീക്കിന് ജാമ്യം

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള കസ്റ്റംസ് അപേക്ഷ കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി തള്ളി. ഏഴു ദിവസം പ്രതിയെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ സമയത്ത് മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ അവസരം നല്‍കിയിരുന്നു. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ ജയിലില്‍ എത്തി കസ്റ്റംസിന് പ്രതിയെ ചോദ്യം ചെയ്യാനാകുമെന്നും കസ്റ്റംസ് പറഞ്ഞു.

കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ കസ്റ്റംസ് ചൂണ്ടിക്കാട്ടി. അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ട്. അര്‍ജുനുമായി കള്ളക്കടത്തുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്ന ടി പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യാനുണ്ട്. നോട്ടീസ് നല്‍കിയിട്ടും ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല. അതേസമയം, ഷാഫിയുടെ വീട്ടില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്ത രേഖകള്‍ കോടതിക്ക് കൈമാറി. മുദ്രവച്ച കവറിലാണ് രേഖകള്‍ കൈമാറിയത്. അര്‍ജുനെ നാല് ദിവസത്തേക്കാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. അര്‍ജുനെയും ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം എന്ന് കസ്റ്റംസ് കോടതി അറിയിച്ചു. അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ രഹസ്യമാക്കിയതിന് പിന്നില്‍ പലതും മറയ്ക്കാനെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.

കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പരോളില്‍ പുറത്തുള്ള മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണെന്ന് സോഷ്യല്‍ മീഡിയയില്‍ കാണിച്ച്‌ യുവാക്കളെ ആകര്‍ഷിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകസംഘം രൂപീകരിക്കുമെന്നും കസ്റ്റംസ് അപേക്ഷ നല്‍കുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഹമ്മദിന് ഷഫീഖിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ പിടിയിലായ ഷെഫീഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് കൊണ്ട് ജാമ്യം നല്‍കാമെന്ന് ആയിരുന്നു കോടതിയുടെ നിലപാട്. ഷെഫീഖിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കാര്യമായി എതിര്‍ത്തതുമില്ല.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെ കസ്റ്റംസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍ പരാതി പറഞ്ഞിരുന്നു. നഗ്നനാക്കി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും അര്‍ജുന്‍ കോടതിയിയെ അറിയിച്ചു.