അർജുൻ ആയങ്കിയുടെ സുഹൃത്തിന്റെ മരണത്തിനിടയാക്കിയ കാറോടിച്ച അശ്വിൻ രക്തം ഛർദ്ദിച്ച് മരിച്ചു

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ചിരുന്ന ഡ്രൈവറും മരിച്ചു. അഴീക്കോട് സ്വദേശി അശ്വിനാണ് മരിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

അമിത മദ്യപാനം കാരണം അശ്വിന് ആന്തരിക രക്തസ്രാവം നേരത്തെയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയിലായ അശ്വിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് ജൂലൈ 23 നാണ് മരിച്ചത്. അഴിക്കോട് വെച്ച്‌ അശ്വിന്‍ ഓടിച്ച കാറില്‍ റമീസ് ഓടിച്ച ബൈക്കിടിച്ചായിരുന്നു അപകടമുണ്ടായത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു റമീസിന്‍റെ മരണം. അര്‍ജുന്‍ ആയങ്കിയുടെ പേരിലുള്ളതായിരുന്നു റമീസ് ഓടിച്ച പള്‍സര്‍ ബൈക്ക്. എന്നാല്‍, റമീസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു പോലീസ് നേരത്തെ കണ്ടെത്തിയത്.