സ്വര്‍ണ്ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അര്‍ജുന്‍ ആയങ്കിയോടൊപ്പം കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ്‌ ഷഫീഖിനെയും ഇന്ന് ചോദ്യം ചെയ്തേക്കും.

ടി പി കേസിലെ പ്രതികള്‍ക്ക് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ഉള്ള പങ്കാളിത്തം കസ്റ്റംസ് വിശദമായി പരിശോധിക്കുകയാണ്. പരോളില്‍ കഴിയുന്ന മുഹമ്മദ്‌ ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ എത്താനാണ് നിര്‍ദ്ദേശം.

ഇന്നലെ അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കും.