പുതുവർഷത്തിൽ ഇതുവരെ സൈന്യം വകവരുത്തിയത് 14 ഭീകരരെ; ഏഴും പാകിസ്താനികൾ

പുതുവർഷം തുടങ്ങി വെറും 13 ദിവസങ്ങൾ പിന്നിടുമ്പോൾ ജമ്മുകശ്മീരിൽ സൈന്യം വകവരുത്തിയത് 14 ഭീകരരെ. ഇതിൽ ഏഴും പാകിസ്താനികൾ ആണ്. കൂടാതെ കൊല്ലപ്പെട്ട ഭീകരരിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ് കമാൻഡന്റ് ആയ സലീം പരേയും ഉൾപ്പെടുന്നു. ഇക്കൊല്ലം ഇതുവരെ എട്ട് ഏറ്റുമുട്ടലുകൾ നടന്നതായി കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു.

ശ്രീനഗറിലെ കുൽഗാം, കുപ്‌വാര, പുൽവാമ, ബഡ്ഗാം ജില്ലകളിൽ ഈ വർഷം ഏറ്റുമുട്ടലുകളിൽ നടന്നു കഴിഞ്ഞു. 2022 ആരംഭിച്ച് പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ഏഴ് ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റവും ഒടുവിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത് കുൽഗാമിലാണ്. ബുധനാഴ്ച രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ പാകിസ്താൻ സ്വദേശിയായ ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുകാരൻ വീരമൃത്യു വരിക്കുകയും ചെയ്തു. പ്രദേശവാസികൾക്കും മറ്റ് സൈനികർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റതായും കശ്മീർ പോലീസ് അറിയിച്ചിരുന്നു.