ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു

ജമ്മു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം. ഒരു ഭീകരനെ സൈന്യം വെടിവെച്ചു കൊന്നു. മറ്റൊരാള്‍ക്ക് വെടിയേറ്റതായിട്ടും സൈന്യം വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലെ ഗാര്‍ഹി ബാറ്റാലിയന്‍ ഏരിയയില്‍ നിഴഞ്ഞുകയറ്റ ശ്രമം നടന്നത്. രണ്ട് പാക്കിസ്ഥാന്‍ ഭീകരരാണ് നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്.

വെടിയേറ്റ ഒരു ഭീകരനായി തിരച്ചില്‍ നടത്തി വരുകയാണ്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുവില്‍ ആക്രണം നടത്തുവാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് വിവരം പുറത്തുവന്നതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നിയന്ത്രണ രേഖയില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് നിഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുന്നത്. കുപ്വാരയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചത് ഞായറാഴ്ചയാണ്. പ്രദേശത്ത് പോലീസും സൈന്യവും ശക്തമായി തിരച്ചില്‍ നടത്തുന്നുണ്ട്.