പ്രിയതമയെയും പറക്കമുറ്റാത്ത പൊന്നോമനകളെയും തനിച്ചാക്കി അരുൺ ബാബു വിടവാങ്ങി

കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടമായ ഉഴമലക്കൽ ലക്ഷം വീട് കോളനിയിൽ അരുൺ ബാബുവിന് നാട് ഉള്ളുരുകും വേദനയിൽ അന്ത്യഞ്‌ജലികളർപ്പിച്ചു. നെടുമ്പാശ്ശേരിയിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ വൈകുന്നേരം നാല് മണിയോടെ നെടുമങ്ങാട് പൂവത്തൂരിലുള്ള അരുൺ ബാബുവിന്റെ ഭാര്യ വീട്ടിലെത്തിച്ചു. കടബാധ്യതകള്‍ തീര്‍ത്ത് പുതിയ വീട്ടില്‍ ജീവിതം ആഗ്രഹിച്ച കുടുംബത്തിന്റെ ഏക ആശ്രയമാണ് കുവൈത്തില്‍ എരിഞ്ഞടങ്ങിയത്.

ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കി പ്രിയതമന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞ പ്രിയപ്പെട്ടവളെയും പാറക്കമുറ്റാത്ത മക്കളെയും ആശ്വസിപ്പിക്കാൻ കഴിയാതെ നാടാകെ സങ്കടക്കടലായി.

പൂവത്തൂരിലെ വീട്ടിൽ പത്തുമിനിട്ടോളം നീണ്ട പൊതുദർശനത്തിൽ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ അനിൽ, ജി. സ്റ്റീഫൻ എംഎൽഎ, നെടുമങ്ങാട് ആർഡിഒ, തഹസീൽദാർ, രാഷ്ട്രീയ പൊതു മണ്ഡലങ്ങളിലെ പ്രമുഖർ, നാട്ടുകാർ, ബന്ധുക്കൾ എന്നിവർ ഇവിടെയെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

തുടർന്ന് മൃതദേഹം ഉഴമലക്കൽ കുര്യാതിയിലുള്ള അരുൺ ബാബുവിന്റെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. അരുൺബാബുവിന്റെ അമ്മയും സഹോദരനും താമസിക്കുന്നതിവിടെയാണ്. പത്തു വർഷം മുമ്പ് മരിച്ച പിതാവ് ബാബുവിനെ അടക്കിയതിനു സമീപതായാണ് അരുണിനും അന്ത്യ വിശ്രമമൊരുക്കിയത്.വൈകുന്നേരം അഞ്ച് മണിയോടെ കുര്യത്തിയിലെത്തിച്ച മൃതദേഹം 5.30ഓടെ സംസ്കരിച്ചു.

അരുണിന് അന്ത്യഞ്ജലി അർപ്പിക്കാൻ വലിയ ജനകൂട്ടമാണ് ഇവിടെ ഉണ്ടായിരുന്നത്. സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ അരുണിന് വേണ്ടപ്പെട്ടവർ ഏറെയും ജന്മനാടുകൂടിയായ കുര്യാതിയിൽ എത്തിയിരുന്നു.