ഇടക്കാല ജാമ്യം നീട്ടി നല്‍കണം; അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം ഒരാഴ്ച്ച കൂടി നീട്ടണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം ജൂണ്‍ ഒന്നിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹര്‍ജി. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പിഇടി-സിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജാമ്യം നീട്ടി നല്‍കണമെന്നും കെജ്‌രിവാള്‍ ഹര്‍ജിയിലൂടെ കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജുണ്‍ 1 വരെ വരെ ജാമ്യത്തില്‍ കഴിയുന്ന കെജ്‌രിവാളിന് ജൂണ്‍ 2 ന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം.

മാക്‌സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഇതിനകം പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. തുടര്‍ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനൽകണമെന്നാണ് കെജ്‌രിവാളിന്റെ അഭിഭാഷകൻ്റെ ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കെജ്‌രിവാളിന് കോടതിയുടെ ‘പ്രത്യേക ചികിത്സ’ എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി വിമര്‍ശനം.