ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ് മാവേലിക്കരയിൽ ബാറിനു സമീപം മരിച്ചതു കൊലപാതകമെന്നു സംശയം. രണ്ടുപേർ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

രാജേഷിന്റെ തലയിൽ മുറിവേറ്റിട്ടുണ്ട്. ഇന്നു രാവിലെയാണു രാജേഷിനെ മരിച്ച നിലയിൽ കണ്ടത്. രാജേഷും മറ്റു മൂന്നുപേരും ഇന്നലെ ബാറിലെത്തി മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടായെന്നും പിന്നീടു ബാറിന് എതിർവശത്തെ ബാങ്കിന്റെ വരാന്തയിൽ വച്ച് അടിപിടിയുണ്ടായെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം, കൊല്ലത്ത് ബൈക്ക് അപകടത്തിൽ പഞ്ചവാദ്യ കലാകാരൻ മരിച്ചു. അഞ്ചൽ അലയമൻ ബിജു ഭവനിൽ ബിജുകുമാർ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ കടയ്ക്കലിൽ വെച്ചായിരുന്നു അപകടം. കടയ്ക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം വായിക്കുന്നത് ബിജുവായിരുന്നു.

ക്ഷേത്രത്തിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. ബിജുകുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ബിജുകുമാർ അപകട സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.